പ്രണയം താളമിട്ട തകിൽ; ഈണമായി നാഗസ്വരവും

Monday 12 August 2024 1:20 AM IST

പത്തനംതിട്ട: ചെങ്ങന്നൂർ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മുഖത്തോടു മുഖം നിന്ന് തകിലും നാഗസ്വരവും വായിച്ചു ജോലി തുടങ്ങിയവരാണ് വൈക്കം സ്വദേശി ജയ്മോനും നൂറനാട് സ്വദേശി രമയും. ഒന്നര വർഷം അവിടെ ദേവസ്വം ജീവനക്കാരായി. ഇരുവരുടെയും ഹൃദയങ്ങളിൽ നാഗസ്വരവും തകിലും പ്രണയത്തിന്റെ ഈണവും താളവുമായി. കുടുംബങ്ങളുടെ സമ്മതത്തോടെ ഈ ക്ഷേത്രത്തിൽ തന്നെ വിവാഹിതരായി.

മൂന്നര പതിറ്റാണ്ടായി ദേവസ്വം ക്ഷേത്രങ്ങളിൽ ഒന്നിച്ചു തകിലും നാഗസ്വരവും വായിക്കുകയാണ് ദമ്പതികൾ. പത്തനംതിട്ട ശാസ്താ ക്ഷേത്രത്തിലാണ് ഇപ്പോൾ ജോലി. രാവിലെ 7.30ന് ഉഷഃപൂജ, 10.45ന് ഉച്ചപൂജ, വൈകിട്ട് 6.45ന് ദീപാരാധന, രാത്രി 7.45ന് അത്താഴപൂജ എന്നിവയ്‌ക്കാണ് ഇരുവരും വായിക്കുന്നത്.

തൃപ്പുലിയൂർ ക്ഷേത്രത്തിൽ പുലർച്ചെ നാലരയ്ക്ക് പള്ളിയുണർത്തലിന് തകിൽ വാദനം ആരംഭിച്ചത് 1990ലാണ്. ജയ്മോനാണ് ആദ്യം നിയമനം ലഭിച്ചത്. ഒരു മാസം കഴിഞ്ഞ് നാഗസ്വരത്തിന് രമയുമെത്തി. മൂന്ന് വർഷം അവിടെ. വാടക വീടുകളിൽ താമസിക്കുമ്പോഴാണ് പ്രണയം മൊട്ടിട്ടത്.

 രമയുടെ വിരമിക്കൽ അടുത്ത വർഷം, ജയ്മോന് ഒരു വർഷം

പത്തനംതിട്ട കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പതിനാറ് വർഷം ഒരുമിച്ച് വായിച്ചു. തുടർന്ന് തൃപ്പാറ, ഓമല്ലൂർ, മലയാലപ്പുഴ ക്ഷേത്രങ്ങളിലും. ഓമല്ലൂർ പുത്തൻപീടിക അജിത്ര ഭവനിലാണ് സ്ഥിര താമസം. ജൻമം കൊണ്ട് ജയ്മോനാണ് പ്രായം കൂടുതലെങ്കിലും രേഖകളിൽ രമയേക്കാൾ ആറ് മാസം ഇളപ്പമാണ്. രമ (55) അടുത്ത വർഷം വിരമിക്കും. ജയ്മോന് ഒരു വർഷത്തിലേറെ സർവീസുണ്ട്.

അമ്മാവൻ വിക്രമനിൽ നിന്നാണ് രമ നാഗസ്വരം പഠിച്ചത്. ജയ്മോൻ വൈക്കം ക്ഷേത്രകലാപീഠത്തിൽ തകിൽ പഠിച്ചു. കാനഡയിൽ എൻജിനിയറായ അജിത്രയും ബംഗളൂരുവിൽ ഫിസിയോ തെറാപ്പിസ്റ്റായ അമൃതയുമാണ് മക്കൾ. അജിത്രയുടെ ഭർത്താവ് വൈശാഖ്.