അദ്ധ്യാപകർക്ക് നാടക ശില്പശാല

Sunday 11 August 2024 11:23 PM IST

പ​ത്ത​നം​തിട്ട: പുതിയ അദ്ധ്യാപന പാഠങ്ങളുമായി 25 അദ്ധ്യാപകർ ഇനി മുതൽ ക്ലാസ് മുറികളിൽ പുതിയ അദ്ധ്യായങ്ങൾ രചിക്കും. ക്ലാസ് റൂം തിയേറ്റർ പരിശീലിപ്പിക്കാൻ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംഘടിപ്പിച്ച നാടക ശില്പശാലയാണ് വേറിട്ട അദ്ധ്യയന രീതി അദ്ധ്യാപകർക്ക് പരിചയപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 25 പേരാണ് അട്ടച്ചാക്കൽ സെന്റ് ജോർജ് വി.എച്ച് എസ് എന്നിൽ നടന്ന ശില്പശാലയിൽ പങ്കെടുത്തത്. കേരളത്തിൽ ആദ്യമായാണ് ക്ലാസ് റൂം തിയേറ്റർ മുഖ്യവിഷയമായി ക്യാമ്പ് നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ തിയേറ്റർ സാദ്ധ്യത കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നാടക ക്യാമ്പ് സംഘടിപ്പിച്ചത്. ക്ലാസ് മുറിയിലെ നാടകീകരണം, ടീച്ചിങ്ങ് പെർഫോമിങ്ങ് സ്‌കിൽ ബിൽഡിങ്ങ് എന്നിവയിലാണ് പരിശീലനം നടന്നത്. തിയേറ്റർ ഇൻ എഡ്യുക്കേഷൻ പ്രാക്ടീഷണറായ നാടകക്കാരൻ മനോജ് സുനിയാണ് നാടക പ്രായോഗിക പാഠങ്ങൾ പരിശീലിപ്പിച്ചത്. സഹ പരിശീലകനായി തിയേറ്റർ പ്രാക്ടീഷനറായ കെ.എസ് ബിനു പങ്കെടുത്തു. നാടക് സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രിയരാജ് ഭരതൻ ശില്പശാല ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാദർ പി. വൈ. ജെസൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ. എസ്. സുജിത്ത് കുമാർ, വിശാഖ് എന്നിവർ സംസാരിച്ചു