20 സെന്റ് ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് യുവതി
Monday 12 August 2024 12:11 AM IST
കൊല്ലം: വയനാട് ദുരന്തത്തിൽ സർവതും നഷ്ടമായവർക്ക് സഹായഹസ്തമൊരുക്കാൻ സന്നദ്ധത അറിയിച്ച് യുവതി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസാണ് സ്വന്തം പേരിലുള്ള 20 സെന്റ് സ്ഥലം വിട്ടുനൽകാമെന്ന് മന്ത്രി കെ.എൻ.ബാലഗോപലിന്റെ കൊട്ടാരക്കരയിലെ ഓഫീസിലെത്തി അറിയിച്ചത്.
അജിഷ നിലവിൽ തൃശൂർ പാറമേക്കാവ് കെ.എസ്.എഫ്.ഇ ബ്രാഞ്ചിൽ സ്‌പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റാണ്. കർഷക കുടുംബത്തിൽ ജനിച്ച അജിഷ 2009 ൽ അച്ഛൻ ജയചന്ദ്രനും അമ്മ ഉഷ കുമാരിക്കും വീടുവയ്ക്കുന്നതിനായി വയനാട് കമ്പളക്കാട് 20 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലമാണ് വയനാട്ടിലെ ദുരന്തബാധിതർക്ക് നൽകാമെന്ന് അറിയിച്ചത്. അച്ഛനും അമ്മയും സഹോദരന്റെ വീട്ടിൽ സുരക്ഷിതരായതിനാലാണ് ഒറ്റരാത്രിയിൽ സർവതും നഷ്ടപ്പെട്ടവർക്ക് ഭൂമി നൽകാമെന്ന തീരുമാനത്തിലേക്കെത്തിയതെന്ന് അജിഷയും ഭർത്താവ് ഹരിദാസും മന്ത്രിയോട് പറഞ്ഞു.