ഓണത്തിന് സദ്യയിൽ നിന്ന് ഇവ മാറ്റേണ്ടി വരും, വില കുതിച്ചത് രണ്ടിരട്ടി , കോളടിച്ചത് തമിഴ്നാടിന്
കൊടുങ്ങല്ലൂർ : ഓണ സീസൺ ആരംഭിക്കാനിരിക്കേ വരവ് നേന്ത്രക്കായ വില കുതിപ്പിൽ. പ്രതികൂല കാലാവസ്ഥയിൽ നാടൻ നേന്ത്രക്കായയുടെ ഉത്പാദനത്തിലുണ്ടായ ലഭ്യതക്കുറവാണ് വരവ് നേന്ത്രക്കായയ്ക്ക് വില ഉയരാനിടയാക്കിയത്. ഒരു മാസം മുമ്പ് വരെ വരവ് നേന്ത്രക്കായയുടെ ഹോൾസെയിൽ വില മുപ്പത് രൂപയായിരുന്നു. ഇപ്പോൾ അമ്പത്തിയെട്ട് രൂപയായി ഉയർന്നു. ചില്ലറ വില എഴുപത് രൂപയും പഴുത്തു കഴിഞ്ഞാൽ എൺപത് രൂപയായും വില മാറും.
ഓണ സീസൺ അടുത്ത് വരുന്നതോടെ ഇനിയും വരവ് നേത്രക്കായയ്ക്ക് വില ഉയർന്നേക്കാം. നാടൻ നേന്ത്രക്കായ ഉത്പാദനത്തിലുണ്ടായ കുറവ് മൂലം വിപണി കീഴടക്കി മുന്നേറുകയാണ് തമിഴ്‌നാട് നേന്ത്രക്കുലകൾ. ഓണത്തിന് ആവശ്യമായ ചിപ്‌സ്, ശർക്കര വരട്ടി തുടങ്ങിയവ തയ്യാറാക്കാൻ നാടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരേറെയായിരുന്നു. പ്രധാന വ്യാപാര മേഖലയായ കോട്ടപ്പുറം ചന്തയിൽ നാടൻ നേന്ത്രക്കായ അധികവും വരുന്നത് കിഴക്കൻ മലയോര ഗ്രാമങ്ങളിൽ നിന്നായിരുന്നു. വേനൽച്ചൂടിൽ വാഴകൾ കരിഞ്ഞുപോകുന്ന സ്ഥിതിയായിരുന്നു. ഇത് മറികടന്ന് വരുന്നതിനിടെ കനത്തമഴയും കാറ്റും വെള്ളക്കെട്ടും വില്ലനായെത്തി. വരവുകായയുടെ വില നിയന്ത്രിച്ചിരുന്നത് തന്നെ നാടൻ നേന്ത്രക്കായയുടെ സാന്നിദ്ധ്യമായിരുന്നു. എന്നാൽ നാടൻ നേന്ത്രക്കായ ഇല്ലാതായതോടെ വരവുകായ വിപണി പിടിച്ച സ്ഥിതിയാണ്.
തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തിൽ നിന്നാണ് കോട്ടപ്പുറം മാർക്കറ്റിൽ വരവ് നേത്രക്കായ എത്തുന്നത്. ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന ചന്തയിൽ ഒരു ദിവസം ചുരുങ്ങിയത് ആറ് ലോഡ് കായകളാണ് ഇറക്കുന്നത്. ഓണം കഴിയുന്നതോടെ നേന്ത്രക്കായയുടെ ഇപ്പോഴത്തെ വില പകുതിയായി കുറയുമെന്ന് മാർക്കറ്റിലെ കായക്കച്ചവടക്കാരനായ പി.ടി.സാബു പറഞ്ഞു.
വരവുകായയ്ക്കും വിലയേറ്റം
ഹോൾസെയിൽ വില 30 (ഒരുമാസം മുമ്പ്)
നിലവിലെ വില 58
ചില്ലറ വില 70
പഴം 80 രൂപ