പാപ്പച്ചന്റെ കൊലപാതകം: പ്രതികളുമായി വീടുകളിൽ മിന്നൽ പരിശോധന  ബാങ്കിടപാട് രേഖകളടക്കം പിടിച്ചെടുത്തു

Monday 12 August 2024 2:11 AM IST

കൊല്ലം: ആശ്രാമത്ത് ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ സി.പാപ്പച്ചനെ ക്വട്ടേഷൻ നൽകി കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി അവരുടെ വീടുകളിൽ അന്വേഷണ സംഘം മിന്നൽ പരിശോധന നടത്തി. ബാങ്ക്, സാമ്പത്തിക ഇടപാടുകളുടെയടക്കം രേഖകൾ പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു പരിശോധന.

പ്രതികളായ അനിമോന്റെ പോളയത്തോടുള്ള അനിമോൻ മൻസിൽ, മാഹിന്റെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപം ശാസ്ത്രിനഗറിലെ വയലിൽ പുത്തൻവീട്, സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത വാടകയ്ക്ക് താമസിക്കുന്ന തേവള്ളി കാവിൽ ഹൗസ്, കെ.പി.അനൂപിന്റെ മരുത്തടിയിലുള്ള വീട്, ഹാഷിഫിന്റെ പോളയത്തോട് ശാന്തിനഗറിലെ സൽമ മൻസിൽ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ആദ്യ നാലു പ്രതികളുടെ വീടുകളിൽ ഒരേസമയവും അഞ്ചാം പ്രതി ഹാഷിഫിന്റെ വീട്ടിൽ അതിനുശേഷവുമാണ് പരിശോധന നടത്തിയത്.

സരിതയുടെയും അനൂപിന്റെയും വീടുകളിൽ നിന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളുടെയും ഇൻഷ്വറൻസ് നിക്ഷേപങ്ങളുടെയും അടക്കം രേഖകൾ പിടിച്ചെടുത്തു. സരിതയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ പാപ്പച്ചന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പണമിടപാട് രേഖകളോ ചെക്കുകളോ ഉണ്ടോയെന്ന് പരിശോധിക്കും. പ്രതികളുമായി ബന്ധമുള്ളവർ രേഖകൾ മാറ്റാനോ നശിപ്പിക്കാനോ ഉള്ള സാദ്ധ്യത കണക്കിലെടുത്തായിരുന്നു അപ്രതീക്ഷിത പരിശോധന.

തട്ടിയെടുത്ത പണം

സരിത പലിശയ്ക്ക് നൽകി

പാപ്പച്ചനിൽ നിന്ന് തട്ടിയെടുത്ത പണം പലിശയ്ക്ക് നൽകിയതായി സരിത മൊഴി നൽകി. പ്രതികളായ അനിമോനും ഹാഷിഫിനും ക്വട്ടേഷൻ തുക കൊടുത്തശേഷം ബാക്കിയുണ്ടായിരുന്ന തുകയാണ് പലർക്കായി പലിശയ്ക്ക് നൽകിയത്. ഇവരുടെ പേരുകളും സരിത വെളിപ്പെടുത്തി. പണം വാങ്ങിയവരെ വിളിച്ചുവരുത്തി അന്വേഷണ സംഘം ഇക്കാര്യം ഉറപ്പുവരുത്തും. സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

തെളിവെടുപ്പ് ഇന്ന്

ആശ്രാമത്ത് പാപ്പച്ചനെ കാറിടിച്ച സ്ഥലം, ഹൈസ്‌കൂൾ ജംഗ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനം, തേവള്ളി, പോളയത്തോട്, മരുത്തടി വാസുപിള്ള ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനു ശേഷം അനിമോനും മാഹിനും എറണാകുളത്തെ ഹോട്ടലിൽ താമസിച്ചിരുന്നു. അടുത്ത ദിവസം ഇവരെ അവിടെയെത്തിച്ചും തെളിവെടുക്കും.

വ്യാജ രേഖയാണോ

എന്ന് പരിശോധിക്കും

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജരായ സരിത പാപ്പച്ചന് നൽകിയ

നിക്ഷേപ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വ്യാജമാണോയെന്ന സംശയം പൊലീസിനുണ്ട്. അത് പരിശോധിച്ചശേഷം വ്യാജരേഖയാണെങ്കിൽ അതിൽ മാറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കും.

Advertisement
Advertisement