അയലയും ചൂരയും തിരുതയും കണ്ട് ചാടി വീണ് വാങ്ങരുതേ,​ മീൻ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Monday 12 August 2024 2:26 AM IST

കൊച്ചി: മൂന്ന് വർഷം. ഉദ്യോഗസ്ഥർ ഇറങ്ങിത്തിരിച്ചതോടെ വില്പനത്തട്ടിൽ നിന്ന് 'വലയിലായത്' 62 ടൺ പഴകിയ മത്സ്യം. ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചത്. രണ്ടാഴ്ച മുമ്പ് പള്ളുരുത്തിയിൽ നിന്ന് 200 കിലോ ഗ്രാം മത്സ്യം പിടികൂടിയതാണ് ഒടുവിലത്തേത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കൊച്ചിയിൽ തന്നെ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, മംഗലാപുരം, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ മത്സ്യങ്ങളെത്തുന്നത്. തിരുത, പ്രായൽ, കേര, അയല, തിലോപ്പയ, ചൂര, അറക്കചൂര, മങ്കട, സ്രാവ്, തിരണ്ടി തുടങ്ങിയ വലിയ ഇനം മീനുകളാണ് രാസവസ്തുക്കൾ കലർത്തി വിൽക്കുന്നത്.

ഫോർമാലിൻ പോലുള്ള രാസവസ്തുക്കൾ കലർത്തിയാണ് വില്പന. പഴക്കമുണ്ടെങ്കിലും ഇവ കാഴ്ചയിൽ പച്ചയാണെന്നെ തോന്നൂ. കേര പോലുള്ള മത്സ്യങ്ങളുടെ ചെകിളയിലും മുറിച്ച ഭാഗത്തും ചുവന്ന ചായം തേച്ചും വിൽക്കുന്നു.

പഴകിയ മീനുകൾ തിരിച്ചറിയാം


പച്ച മീനിന്റെ മാംസം ഉറച്ചതും തിളക്കമുള്ളതുമാവും.
അധികം ദുർഗന്ധം അനുഭവപ്പെടില്ല.
പച്ച മീനുകൾക്ക് കണ്ണിൽ തിളക്കം ഉണ്ടാകും
രാസവസ്തുക്കൾ ചേർത്തതിന് കണ്ണിൽ നീലനിറമായിരിക്കും
ചികള പൂക്കളിൽ ചുവപ്പ് നിറം പച്ചമീനിന്റെ ലക്ഷണമാണ്

 ചെക്ക് പോസ്റ്റുകളും വിടാതെ
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യങ്ങൾ പരിശോധിക്കാൻ എല്ലാ ചെക്ക് പോസ്റ്റുകളിലും സ്‌പെഷ്യൽ സ്‌ക്വാഡ് പരിശോധനയുണ്ട്. മത്സ്യലേല കേന്ദ്രങ്ങൾ, ഹാർബറുകൾ, മൊത്തവിതരണ കേന്ദ്രങ്ങൾ, ചില്ലറ വില്പനശാലകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന ശക്തമാണ്. നിരന്തര പരിശോധന നടത്തി മീനിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

 വേണ്ടത് 2280 ടൺ മത്സ്യം

സംസ്ഥാനത്ത് ദൈനംദിനം ഏകദേശം 2280 ടൺ മത്സ്യം വേണം. എന്നാൽ മത്സ്യലഭ്യത 1741 ടൺ മാത്രം. 539 ടൺ മത്സ്യമാണ് ഒരു ദിവസം അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്നു.
2025 ൽ ഉൾനാട മത്സ്യക്കൃഷി മേഖലയിൽ നിന്ന് 50000 മെട്രിക് ടൺ മത്സ്യം-ചെമ്മീൻ ഉത്പാദനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. തരിശായി കിടക്കുന്ന 6700 ഹെക്ടർ പൊക്കാളി നിലങ്ങൾ കൂടു മത്സ്യകൃഷിക്കായി ഉപയോഗിക്കാൻ കഴിഞ്ഞാൽ 50250 ടൺ ചെമ്മീൻ അധികമായി ഉത്പാദിപ്പിക്കാനാവും.

Advertisement
Advertisement