എന്നാലും ഇതുവല്ലാത്ത ചതിയായിപ്പോയി; സോളാർ പാനൽ വയ്‌ക്കാനാഗ്രഹിക്കുന്നവർ ഇത് അറിയുന്നുണ്ടോ?

Monday 12 August 2024 11:44 AM IST

തൃശൂർ: സോളാർ വൈദ്യുതി ഉത്പാദകരിൽ നിന്ന് തീരുവ പിരിക്കില്ലെന്ന സർക്കാർ ഉത്തരവ് ഇതുവരെ നടപ്പായില്ല. ജൂലായ് 10ന് തീരുവ പിൻവലിച്ചിരുന്നു. എന്നാൽ ഇപ്പോഴും യൂണിറ്റിന് 15 പൈസ നിരക്കിൽ കെ എസ് ഇ ബി പിരിക്കുന്നുണ്ടെന്ന് കേരള ഡൊമസ്റ്റിക് സോളാർ പ്രൊസ്യൂമേഴ്‌സ് കമ്മ്യൂണിറ്റി പറയുന്നു. യൂണിറ്റിന് 1.2 പൈസയാണ് മാർച്ച് 31 വരെ സെൽഫ് ജനറേഷൻ ഡ്യൂട്ടിയായി പിരിച്ചത്.

ഇത് വാങ്ങരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെങ്കിലും കെ എസ് ഇ ബി പിരിക്കുകയാണ്. ഇതിനു പുറമെയാണ് തീരുവയും വർദ്ധിപ്പിച്ചത്. സോളാർ വൈദ്യുതി ഉത്പാദകരെ ഇതിൽ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും നടപ്പായില്ല. മാത്രമല്ല, ഉത്തരവില്ലാതെ ഏപ്രിൽ ഒന്ന് മുതൽ വർദ്ധിപ്പിച്ച തീരുവ പിരിക്കാനും തുടങ്ങി. പ്രതിഷേധം ശക്തമായപ്പോൾ തീരുവ പൂർണ്ണമായും പിൻവലിച്ച് സർക്കാർ ഉത്തരവിറക്കിയെങ്കിലും നടപ്പാക്കാത്തതാണ് പ്രശ്‌നം.

പ്രശ്‌നം സോഫ്റ്റ്‌വെയറെന്ന്

കെ എസ് ഇ ബിയുടെ സോഫ്റ്റ് വെയർ പുതുക്കൽ പൂർത്തിയാകുമ്പോൾ ബില്ലിൽ നിന്ന് സോളാർ ജനറേഷൻ ഡ്യൂട്ടി ഒഴിവാക്കുമെന്നാണ് കെ എസ് ഇ ബി പറയുന്നത്. വൈകാതെ പ്രശ്‌നം പരിഹരിക്കുമെന്നും സൂചനയുണ്ട്. വൈദ്യുതി പ്രതിസന്ധിക്കിടെ പുരപ്പുറ സോളാർ ഉത്പാദകരെ കെ എസ് ഇ ബി നിരുത്സാഹപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം.

നിയമപരമല്ലാതെ വാങ്ങുന്ന തുക തിരികെ തരണം. ഇല്ലെങ്കിൽ പ്രതിഷേധം നടത്തും.

ജയിംസ്‌കുട്ടി തോമസ് ഡൊമസ്റ്റിക് സോളാർ പ്രൊസ്യൂമേഴ്‌സ് കമ്മ്യൂണിറ്റി