വയനാട്ടിൽ മേപ്പാടി അടക്കം അഞ്ചു പഞ്ചായത്തുകളിൽ കനത്ത മഴ,​ മലവെള്ളപ്പാച്ചിലിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

Monday 12 August 2024 11:16 PM IST
പ്രതീകാത്മക ചിത്രം

കല്പറ്റ : വയനാട്ടിൽ കനത്ത മഴ തുടരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തം നടന്ന മേപ്പാടി,​ മൂപ്പൈനാട് പഞ്ചായത്തുകൾ ഉൾപ്പെടെ അഞ്ച് പഞ്ചായത്തുകളിലാണ് അതീതീവ്രമഴ പെയ്യുന്നത്. മേപ്പാടി,​ മൂപ്പൈനാട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ . കടച്ചിക്കുന്ന്,​ വടുവൻചാൽ മേഖലയിൽ മൂന്നുമണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ പെയ്തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയിലും അതിശക്തമായ മഴ തുടരുന്നു. മലവെള്ളപ്പാച്ചിലിന് സാദ്ധ്യതയുണ്ടെന്നും ഹ്യൂമിന്റെ അറിയിപ്പിൽ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പുണ്ട്. പത്തനംതിട്ട,​ ഇടുക്കി,​ മലപ്പുറം ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ,​ കാസർകോട് ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട തീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം,​ കൊല്ലം,​ കോട്ടയം,​ എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ കോഴിക്കോട്,​ വയനാട്,​ കണ്ണൂർ എന്നീ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരും. നാളെ കോട്ടയം. എറണാകുളം,​ തൃശൂർ,​ പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​വയനാട്,​ കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റ് ജില്ലകളിൽ നേരിയതോ മിതമായ ​ നിലയിലോ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടലിലും മധ്യ കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ കാറ്റ് വീശും. ഇത് മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ വീശാനും സാദ്ധ്യതയുണ്ട്.