പാപ്പച്ചൻ കൊലക്കേസ്: തട്ടിയെടുത്ത പണം സരിത ബന്ധുക്കളുടെ അക്കൗണ്ടുകളിലാക്കി

Tuesday 13 August 2024 1:37 AM IST

കൊല്ലം: റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരൻ പാപ്പച്ചനെ ക്വട്ടേഷൻ നൽകി കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. പാപ്പച്ചനിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ തനിക്ക് ലഭിച്ച പങ്ക് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരായ സരിത ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതായി സ്ഥിരീകരിച്ചു.

സരിതയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളിൽ നിന്ന് ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ തട്ടിപ്പ് കാലയളവിൽ വലിയ തുകകൾ എത്തിയതായി കണ്ടെത്തി. ഭർത്താവിന്റെ ബാങ്ക് രേഖകൾ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഭർത്താവിന് തട്ടിപ്പിൽ പങ്കില്ലെന്നാണ് നിലവിലെ നിഗമനം. ലഭിച്ച പണത്തിന്റെ ഒരുഭാഗം ചിലർക്ക് പലിശയ്ക്ക് നൽകിയെന്ന് സരിത അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും.

കേസിലെ പ്രതികളായ അനിമോൻ, മാഹീൻ, സരിത, അനൂപ്, ഹാഷിഫ് എന്നിവരെ കൊല്ലം എ.സി.പി എസ്.ഷെരീഫ്, ഈസ്റ്റ് സി.ഐ എൽ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ പറഞ്ഞതെല്ലാം തട്ടിപ്പും ഗൂഢാലോചനയും മറച്ചുവയ്ക്കാനുള്ള തന്ത്രങ്ങളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ വരെ ലഭിച്ച മൊഴികളും രേഖകളും അടിസ്ഥാനമാക്കിയായിരിക്കും വരു ദിവസങ്ങളിലെ ചോദ്യം ചെയ്യൽ.

തമ്മനത്തെ ലോഡ്ജിൽ തെളിവെടുപ്പ്

പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തിയ ശേഷം അനിമോൻ നേരെ പോയത് ഹാഷിഫ് തങ്ങിയിരുന്ന തമ്മനത്തെ ലോഡ്ജിലേക്കാണ്. അവിടെയിരുന്നാണ് അനിമോനും ഹാഷിഫും സരിതയും അനൂപും ചേർന്ന് പാപ്പച്ചനിൽ നിന്ന് പണം ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്തത്. ഈസ്റ്റ് സി.ഐ എൽ.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ അനിമോനെയും ഹാഷിഫിനെയും തമ്മനത്തെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ലോഡ്ജ് ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞു.

ഇടപാടുകൾ സങ്കീർണം

അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉപയോഗിച്ച് സരിത തന്ത്രപരമായാണ് പാപ്പച്ചനിൽ നിന്ന് പണം തട്ടിയെടുത്തത്. പിടിക്കപ്പെടാതിരിക്കാനും തന്ത്രങ്ങൾ ഉപയോഗിച്ചതായി സരിതയുടെയും അനൂപിന്റെയും പാപ്പച്ചന്റെയും ബാങ്ക് ഇടപാടുകൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിശദമായ പരിശോധനയിലൂടെ മാത്രമേ തട്ടിപ്പിന്റെ യഥാർത്ഥചിത്രവും ആഴവും വ്യക്തമാവുകയുള്ളു.

ഇന്നും തെളിവെടുപ്പ്

പാപ്പച്ചനെ കൊലപ്പെടുത്തിന് മുമ്പും ശേഷവും സരിതയും അനിമോനും അടക്കമുള്ള പ്രതികൾ പലയിടങ്ങളിലും ഒരുമിച്ച് കൂടിയിരുന്നു. ഈ സ്ഥലങ്ങളിലും കാറിടിച്ച് കൊലപ്പെടുത്തിയ സ്ഥലത്തും ഇന്ന് തെളിവെടുപ്പ് നടന്നേക്കും.

അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ
കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പാപ്പച്ചൻ കൊലക്കേസ് അന്വേഷണ സംഘം വിപുലീകരിച്ചു. ഈസ്റ്റ് സി.ഐ എൽ.അനിൽകുമാർ, ഈസ്റ്റ് എസ്.ഐമാരായ വി.ജെ.ദിപിൻ, ശബ്ന, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജിബി, ഡി.സി.ആർ.ബി എസ്.ഐ സരിത, സൈബർ സെൽ ഗ്രേഡ് എസ്.ഐമാരായ ഷാൻ സിംഗ്, നിയാസ്, രാജു, ഈസ്റ്റിലെ ഗ്രേഡ് എസ്.ഐ അശോക് കുമാർ, ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എ.എ.എസ്.ഐ നിസാമുദ്ദീൻ, ഗ്രേഡ് സിപി.ഒമാരായ സജീവ്, അനീഷ്, ഷൈൻ, സൈബർ സ്റ്റേഷൻ കോൺസ്റ്റബിൾ രാഹുൽ കപൂർ, സി.പി.ഒ അബ്ദുൾ ഹിമാദ് എന്നിവരാണ് സംഘത്തിലുള്ളത്.