ശബരിമലയിൽ നിറപുത്തരി ഭക്തിസാന്ദ്രമായി

Tuesday 13 August 2024 1:59 AM IST

ശബരിമല: കാർഷിക സമൃദ്ധിയുടെ നിറവിൽ സന്നിധാനത്ത് നിറപുത്തരി ഉത്സവം ഭക്തിസാന്ദ്രമായി. ഭക്തർ പതിനെട്ടാം പടിയിൽ സമർപ്പിച്ച നെൽക്കതിരുകളിൽ പുണ്യാഹം തളിച്ച് ശുദ്ധി വരുത്തി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരിയും പരികർമ്മികളും ചേർന്ന് നെൽക്കറ്റകൾ തലയിലേന്തി വാദ്യമേളങ്ങളോടെ എഴുന്നള്ളത്തായി ക്ഷേത്രപ്രദക്ഷിണം നടത്തി കിഴക്കേ മണ്ഡപത്തിൽ എത്തിച്ചു.

പൂജിച്ച കറ്റകൾ ശ്രീകോവിലിനുളളിലേക്ക് കൊണ്ടുപോയി. നടയടച്ച് പ്രത്യേക പൂജകളും ദീപാരാധനയും നടത്തി. നട തുറന്നശേഷം കതിരുകൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിതരണം ചെയ്തു. അത്താഴ പൂജയ്ക്കു ശേഷം യോഗദണ്ഡും രുദ്രാക്ഷമാലയും ചാർത്തി അയ്യപ്പനെ ധ്യാനനിദ്ര‌‌യിലാക്കി രാത്രി 10ന് നടയടച്ചു. ചിങ്ങമാസ പൂജകൾക്കായി 16ന് വൈകിട്ട് നട തുറക്കും.

Advertisement
Advertisement