പാരീസ് ഒളിമ്പിക്‌സിലെ സൂപ്പർ താരങ്ങളായ നീരജ് ചോപ്രയും മനു ഭാക്കറും വിവാഹിതരാകുന്നു? വീഡിയോ വൈറൽ

Tuesday 13 August 2024 12:42 PM IST

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങളാണ് മനു ഭാക്കറും നീരജ് ചോപ്രയും. 10 മീറ്റർ വിമൻസ് എയർ പിസ്റ്റൽ ഷൂട്ടിംഗിൽ വെങ്കലം നേടി പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ച താരമാണ് മനു. ജാവലിൻ ത്രോയിലൂടെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഒരേയൊരു വെള്ളി മെഡൽ സമ്മാനിച്ച താരമാണ് നീരജ്. ഇപ്പോഴിതാ ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിലടക്കം നിറയുന്നത്.

ഒളിമ്പിക്‌സിന് ശേഷം ഒരു ചടങ്ങിൽ നീരജിനെയും മനുവിനെയും ഒരുമിച്ച് കണ്ടതാണ് അഭ്യൂഹങ്ങൾക്ക് കാരണം. മനുവിനൊപ്പം അമ്മ സുമേദ ഭാക്കറുമുണ്ടായിരുന്നു. മൂവരും സൗഹൃദ സംഭാഷങ്ങളിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതാണ് വിവാഹവാർത്തകൾക്ക് കാരണം. ഇപ്പോഴിതാ വാർത്തകളിൽ പ്രതികരിച്ച് മനുവിന്റെ പിതാവ് രാം കിഷൻ രംഗത്തെത്തിയിരിക്കുകയാണ്.

'മനു വളരെ ചെറുപ്പമാണ്. വിവാഹപ്രായം പോലും ആയിട്ടില്ല. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നതുപോലുമില്ല. മനുവിന്റെ അമ്മയ്ക്ക് നീരജ് മകനെപ്പോലെയാണ്'- മനുവിന്റെ പിതാവ് മാദ്ധ്യമമായ ദൈനിക് ഭാസ്‌കറിനോട് വ്യക്തമാക്കി.

'വിവാഹവാർത്തകളിൽ നീരജിന്റെ അമ്മാവനും പ്രതികരിച്ചു. നീരജ് മെഡൽ സ്വന്തമാക്കിയത് രാജ്യം മുഴുവൻ അറിഞ്ഞിരുന്നു. അതുപോലെ നീരജ് വിവാഹിതനാകുമ്പോഴും എല്ലാവരും അറിയും'- നീരജിന്റെ അമ്മാവൻ ഭീം ചോപ്ര വ്യക്തമാക്കി.