ഇലക്‌ട്രിക് വാഹനവുമായി ഈ ജില്ലയിൽ എത്തുന്നവർക്ക് പണി കിട്ടും, വഴിയിൽ കിടക്കുമെന്ന് ഉറപ്പ്

Tuesday 13 August 2024 1:19 PM IST

പത്തനംതിട്ട : വൈദ്യുതി ബോർഡിനെ വിശ്വസിച്ച് ഇലക്ട്രിക് വാഹനങ്ങളുമായി ജില്ലയിലെത്തിയാൽ വഴിയിൽ കിടക്കുമെന്നുറപ്പ്. കെ.എസ്.ഇ.ബി സ്ഥാപിച്ച ചാർജിംഗ് പോയിന്റുകളിൽ ഭൂരിപക്ഷവും പ്രവർത്തന രഹിതമായതാണ് കാരണം. 2022 ജൂണിലാണ് വൈദ്യുതി വകുപ്പ് ഇലക്ട്രിക് പോസ്റ്റുകളിൽ ഉൾപ്പടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചു തുടങ്ങിയത്. ഇലക്ട്രിക് വാഹനങ്ങൾ കൂടിയിട്ടും പോയിന്റുകളുടെ തകരാർ പരിഹരിക്കാത്തതാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്.

ഓട്ടോറിക്ഷകൾക്കു വേണ്ടിയാണ് ഏറെയും ചാർജിംഗ് പോയിന്റുകളുള്ളത്. ഒരു തവണ ബാറ്ററി ഫുൾ ചാർജ് ചെയ്താൽ 80 - 100 കിലോമീറ്റർ ഓട്ടോറിക്ഷകൾക്ക് സവാരി നടത്താനാകും. ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്ക് സമീപമുള്ള വൈദ്യുതി പോസ്റ്റുകളിലാണ് ചാർജിംഗ് പോയിന്റുകൾ ഏറെയും. ഇലക്ട്രിക് സ്‌കൂട്ടറുകൾക്കും കാറുകൾക്കും ചാർജ് ചെയ്യാനും സൗകര്യമുണ്ട്.

36 പോയിന്റുകൾ

ശബരിമലയടക്കം ജില്ലയിലെ 36 ഇടങ്ങളിലാണ് ചാർജിംഗ് പോയിന്റുകളുള്ളത്. ഇതിൽ മൂന്നെണ്ണം ഫാസ്റ്റ് ചാർജ് സൗകര്യമുള്ളതാണ്. നൂറുകണക്കിന് വാഹനങ്ങളിൽ തീർത്ഥാടകർ നിത്യവും എത്തുന്ന ആറൻമുള സത്രക്കടവിന് സമീപം സ്ഥാപിച്ചി രിക്കുന്ന ചാർജ്ജിംഗ് പോയിന്റുപോലും പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ പിന്നിട്ടു.

പ്രവർത്തനം മൊബൈൽ ആപ്പ് വഴി

ഇലക്ട്രിക് ചാർജിംഗ് പോയിന്റുകളുടെ പ്രവർത്തനം മൊബൈൽ ആപ്പ് വഴിയാണ്. പ്‌ളേസ്റ്റോറിൽ നിന്ന് HIEV India എന്ന ആപ്ളിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ഓൺലൈൻ ബിസിനസ് ആപ്പിലേതു പോലെയാണ് പ്രവർത്തനം. ചാർജിംഗ് പോയിന്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വേണം പണമടയ്ക്കാൻ. ഇങ്ങനെ അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള യൂണിറ്റുകൾ ചാർജ്ജ് ചെയ്യാം. എന്നാൽ മിക്ക പോയിന്റുകളിലും ഈ ക്യൂ ആർ കോഡ് മാഞ്ഞുപോയ നിലയിലാണ്. ഇതുമൂലം ഉപഭോക്താക്കൾക്ക് പണമടയ്ക്കാനാകില്ല.

തിരിച്ചറിയാൻ കളർ കോഡ്

ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ തിരിച്ചറിയാൻ വൈദ്യുതി പോസ്റ്റുകളിൽ പച്ചയും മഞ്ഞയും നിറം അടിച്ചിട്ടുണ്ട്. ഗൂഗിളിൽ സേർച്ച് ചെയ്തും ചാർജിംഗ് പോയിന്റുകൾ കണ്ടെത്താം. വാഹനങ്ങൾ പോസ്റ്റുകൾക്ക് സമീപം പാർക്ക് ചെയ്ത് ചാർജ് ചെയ്യാനാകും.

''ചാർജിംഗ് പോയിന്റുകളുടെ പ്രവർത്തനം കെ.ഇ ആപ്പിലേക്ക് മാറുകയാണ്. ഇതനു സരിച്ച് പോയിന്റുകളുടെ പ്രവർത്തനം പരിഷ്കരിക്കും. തകരാറിലായ ചാർജിംഗ് പോയിന്റുകൾ ഉടൻ പ്രവർത്തന സജ്ജമാക്കും''.- ഡപ്യൂട്ടി ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി