വരുമാനത്തില്‍ വര്‍ദ്ധനവ്, ലാഭം 1000 കോടി കവിഞ്ഞു; മലയാളിക്കമ്പനി കുതിക്കുന്നു

Tuesday 13 August 2024 7:32 PM IST
പ്രതീകാത്മക ചിത്രം

കൊച്ചി: മുന്‍ പാദങ്ങളെ അപേക്ഷിച്ച് ജൂണില്‍ വരുമാനത്തിലും ലാഭത്തിലും വന്‍ നേട്ടം കൊയ്ത് മുത്തൂറ്റ് ഫിനാന്‍സ്. തൊട്ടുമുന്‍പത്തെ പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ ഒമ്പത് ശതമാനം വര്‍ദ്ധനവും ലാഭമായി 1070 കോടിയുമാണ് കമ്പനി കൈവരിച്ചിരിക്കുന്ന നേട്ടം. ഇതോടെ കമ്പനിയുടെ മൊത്തം വരുമാനം 3710 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മൊത്ത വരുമാനം 3,026 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 23 ശതമാനത്തിന്റെ വളര്‍ച്ച.

നികുതി കണക്കുകള്‍ക്ക് ശേഷമുള്ള ലാഭം 1,079 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അവസാന പാദത്തില്‍ 1,056 കോടി രൂപയായിരുന്നു ലാഭം. മുന്‍ വര്‍ഷം സമാനപാദത്തില്‍ ലാഭം 975 കോടി രൂപയായിരുന്നു. കമ്പനിയുടെ വായ്പ ആസ്തിയിലും വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ മുന്‍പാദത്തേക്കാള്‍ 11 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനും ഇക്കാലയളവില്‍ കമ്പനിക്ക് കഴിഞ്ഞത് മറ്റൊരു നേട്ടമാണ്.

113 പുതിയ ശാഖകളാണ് മുത്തൂറ്റ് ഫിനാന്‍സ് തുറന്നത്. സഹോദരസ്ഥാപനങ്ങളും നേട്ടത്തിലാണെന്നതാണ് മറ്റൊരു പ്രത്യേകത. മുത്തൂറ്റ് ഫിനാന്‍സിന്റെ കീഴിലുള്ള സബ്സിഡിയറി കമ്പനികളും കഴിഞ്ഞ പാദത്തില്‍ മികവ് തുടര്‍ന്നു. മുത്തൂറ്റ് ഹോംഫിന്‍ ഇന്ത്യ ലിമിറ്റഡിന്റെ വരുമാനം ജൂണ്‍ പാദത്തില്‍ 73 കോടിയായി വര്‍ദ്ധിച്ചുവെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. മുത്തൂറ്റ് ഹോംഫിന്‍ ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ ഏഴ് പുതിയ ശാഖകളാണ് തുറന്നിരിക്കുന്നത്.

Advertisement
Advertisement