ഇസ്രയേലിനെ ലക്ഷ്യമാക്കി രണ്ട് എം90 റോക്കറ്റുകൾ തൊടുത്ത് ഹമാസ്, ഒന്ന് വീണത് കടലിൽ

Tuesday 13 August 2024 8:34 PM IST

ടെൽ അവീവ്: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവ് ലക്ഷ്യമിട്ട് ആക്രമണം നടത്തി ഹമാസ്. സംഘടനയുടെ സായുധ വിഭാഗമായ അൽ ഖസാം ബ്രിഗേഡ്‌സ് ആണ് വിവരം അറിയിച്ചത്. രണ്ട് എം90 റോക്കറ്റുകളാണ് അയച്ചത്. ഒന്ന് ഗാസ കടന്ന് ഇസ്രയേൽ അതിർത്തിയിലെത്തിയെങ്കിലും കടലിൽ പതിച്ചു. മറ്റൊന്ന് ഗാസയിൽ തന്നെ വീണു. വിവരം ഇസ്രയേൽ വ്യോമസേനയും സ്ഥിരീകരിച്ചു. 'അൽപം മുൻപ് ഗാസ മുനമ്പ് പ്രദേശം കഴിഞ്ഞ് മിസൈൽ വിക്ഷേപണം ചെയ്‌തെന്ന് കണ്ടെത്തി. മുന്നറിയിപ്പൊന്നും നൽകിട്ടില്ല. അതേസമയം ഇസ്രയേൽ പരിധിയിലേക്ക് കടക്കാത്ത മറ്റൊരു വിക്ഷേപണവും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.' ഇസ്രയേൽ വ്യോമസേന അറിയിച്ചു.

ടെൽ അവീവിൽ പൊട്ടിത്തെറി ശബ്‌ദം കേട്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്ന് ഇസ്രയേലി മാദ്ധ്യമങ്ങളും അറിയിച്ചു. അതേസമയം ഇസ്രയേൽ മദ്ധ്യ, തെക്കൻ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്ന് 19 പാലസ്‌തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യവിഭാഗം അറിയിച്ചു. പ്രദേശത്ത് സമാധാനം സാദ്ധ്യമാണെന്ന് ഇപ്പോഴും കരുതുന്നതായാണ് അമേരിക്കയുടെ പ്രതികരണം. വ്യാഴാഴ്‌ച നിശ്ചയിച്ച സമാധാന ചർച്ചകൾ വിചാരിച്ചതുപോലെ തന്നെ മുന്നോട്ടുപോകുമെന്നും അമേരിക്ക കരുതുന്നു. ഖത്തർ, ഈജി‌പ്റ്റ്, ഇസ്രയേൽ എന്നിവിടങ്ങളിലെ ചർച്ചകൾക്കായി അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇന്ന് പുറപ്പെടും.

ചർച്ചകൾക്കായി തങ്ങളുടെ സംഘത്തെ അയക്കുമെന്നാണ് ഇസ്രയേൽ സർക്കാർ അറിയിക്കുന്നത്. എന്നാൽ ചർച്ചകൾക്ക് പകരം ഇതിനകം അംഗീകരിച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്നാണ് ഹമാസ് നിലപാട്.