'കാഫിർ' സ്‌ക്രീൻ ഷോട്ട് കേസ്: 'മെറ്റ'യെ പ്രതിചേർത്തു

Wednesday 14 August 2024 12:00 AM IST

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് വടകരയിൽ പ്രചരിച്ച 'കാഫിർ" സ്‌ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട കേസിൽ ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ വിവരങ്ങൾ കൈമാറാത്തതിനാണ് മാതൃസ്ഥാപനമായ മെറ്റ കമ്പനിയെ മൂന്നാം പ്രതിയാക്കിയത്. വ്യാജ പോസ്റ്റിന്റെ ഉറവിടം റെഡ് ബെറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് എന്നീ വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണെന്നും വടകര പൊലീസ് ഇൻസ്പെക്ടർ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പറയുന്നു. ഇടതു ഗ്രൂപ്പുകളെ സംശയനിഴലിലാക്കുന്നതാണ് പോസ്റ്റ് പ്രചരിപ്പിച്ചതായി പൊലീസ് റിപ്പോർട്ടുകളിലുള്ള പേരുകൾ.

അമ്പലമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രണ്ട് ഫോൺ നമ്പറുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മനീഷ്, സജീവ് എന്നിവരുടെ പേരിലെടുത്ത നമ്പറുകളാണിവ. മനീഷാണ് അമ്പലമുക്ക് സഖാക്കൾ എന്ന പേജിന്റെ അഡ്മിൻ. ഇയാളുടെ മൊഴി രേഖപ്പെടുത്തി. റെഡ് ബറ്റാലിയൻ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നാണ് മനീഷിന് വിവാദ പോസ്റ്റ് കിട്ടിയതെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു.
അമൽറാം എന്നയാളാണ് റെഡ് ബറ്റാലിയൻ ഗ്രൂപ്പിൽ ഇത് പോസ്റ്റ് ചെയ്തത്. പോരാളി ഷാജിയെന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റിട്ടത് വഹാബ് എന്നയാളാണ്.
ഏതോ വാട്‌സ്ആപ്പിൽ നിന്നാണ് ഇത് കിട്ടിയതെന്നാണ് വഹാബിന്റെ മൊഴി. വിവാദ പോസ്റ്റ് കൃത്രിമമായി ഉണ്ടാക്കിയവരെ കണ്ടെത്താൻ മെറ്റ കമ്പനി വിവരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫേസ്ബുക്കിന്റെ നോഡൽ ഓഫീസറായ അശ്വിൻ മധുസൂദനനെ സമൻസ് അയച്ച് വിളിച്ചു വരുത്താൻ വടകര മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയെന്നും പൊലീസ് അറിയിച്ചു.

Advertisement
Advertisement