അർജുന് വേണ്ടി തെരച്ചിൽ നാവിക സേനയെ ഒഴിവാക്കിയത് ദുരൂഹം; കേരളത്തിന് വിമർശനം
അങ്കോള ( ഉത്തര കർണാടക ): ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി ഇന്നലെ ഗംഗാവലി നദിയിൽ പുനരാരംഭിച്ച തെരച്ചിലിൽ നാവിക സേനയെ ഒഴിവാക്കിയത് ദുരൂഹമായി. തിങ്കളാഴ്ച കാർവാറിൽ നടന്ന യോഗത്തിൽ നാവികസേനയും തെരച്ചിലിനെത്താൻ തീരുമാനിച്ചിരുന്നു. അന്ന് വൈകിട്ട് നാവികസംഘം നദിയിലെ ഒഴുക്ക് പരിശോധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇന്നലെ ജില്ലാ ഭരണകൂടം നാവിക സേനയ്‌ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. അതുകാരണം നാവിക സംഘം എത്തിയില്ല.
ഈശ്വർ മാൽപെക്കൊപ്പം മത്സ്യത്തൊഴിലാളി സംഘവും എസ്.ഡി.ആർ.എഫ്,എൻ.ഡി.ആർ.എഫ് സംഘവുമാണ് നദിയിൽ തെരച്ചിൽ നടത്തിയത്. ഇന്നലെ കാലാവസ്ഥ അനുകൂലമായിരുന്നു. മഴയില്ലാത്തതിനാൽ നദിയിലെ ഒഴുക്കും ജലനിരപ്പും കുറഞ്ഞു. ഇന്ന് കൂടുതൽ തെരച്ചിൽ നടത്തുമെന്ന് ഈശ്വർ മൽപെ പറഞ്ഞു.
അതേസമയം,തെരച്ചിലിന് സഹായിക്കാമെന്ന് ഏറ്റിരുന്ന കേരള സർക്കാർ പിന്നോട്ട് പോയെന്നും ഡ്രെഡ്‌ജറും പമ്പും എത്തിച്ചില്ലെന്നും കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ ആരോപിച്ചു. പലതവണ ഔദ്യോഗികമായി അറിയിച്ചിട്ടും പണം മുൻകൂട്ടി നൽകാമെന്ന് പറഞ്ഞിട്ടും കേരളം സഹകരിച്ചില്ലെന്നും എം.എൽ.എ പറഞ്ഞു. നേരത്തെ തെരച്ചിലിൽ സജീവമായിരുന്ന എം.എൽ.എയുടെ നിലപാട്മാറ്റം പ്രകടമായിരുന്നു. നാവികസേന എത്താൻ തിങ്കളാഴ്ച കാർവാറിലെ യോഗത്തിൽ തീരുമാനിച്ചിട്ടും അനുമതി നൽകിയില്ലല്ലോ എന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം ക്ഷുഭിതനായി.
തെരച്ചിൽ വൈകിപ്പിച്ചു : ജിതിൻ
മുങ്ങി തിരയാൻ പറ്റിയ കാലാവസ്ഥയായിട്ടും കർണാടകം തെരച്ചിൽ വൈകിപ്പിച്ചെന്ന് ഇന്നലെ ഇവിടെ എത്തിയ അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു. രാവിലെ തെരച്ചിൽ നടത്തുമെന്ന് പറഞ്ഞെങ്കിലും ഉച്ചയായിട്ടും ആരും എത്തിയില്ല. വൈകിയാൽ ഷിരൂരിൽ പ്രതിഷേധിക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം.
തെരച്ചിൽ പുനരാരംഭിച്ചതോടെ അർജുനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരി അഞ്ജു കോഴിക്കോട്ട് പറഞ്ഞു. ഞങ്ങൾ മാനസികമായി തകർന്നു. കാത്തിരിപ്പിന് ഒരവസാനം വേണം.
കർണാടക നിലപാട് ദുരൂഹം
നാവികസേനയിൽ പ്രതീക്ഷ അർപ്പിച്ചാണ് അർജുന്റെ ബന്ധുക്കളും നമ്മളും ഷിരൂരിൽ എത്തിയതെന്നും കർണ്ണാടക മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറിയുമായി സംസാരിച്ചപ്പോൾ രണ്ടു മണിക്കൂറിനകം തെരച്ചിൽ നടത്തുമെന്ന് പറഞ്ഞെന്നും എം.എൽ.എയുടെ നിലപാട് സങ്കടകരമാണെന്നും 10 ദിവസം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു. ഇന്നലെ എത്ര വിളിച്ചിട്ടും ജില്ലാ കളക്ടർ ഫോൺ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.