വിലക്കയറ്റം തടയാൻ നടപടി: മന്ത്രി അനിൽ

Wednesday 14 August 2024 2:51 AM IST

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെയും പഴം,പച്ചക്കറികളുടെയും വില നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാൻ മന്ത്രി ജി.ആർ അനിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആഗസ്റ്റ് ആദ്യ ആഴ്ചയിലെ വിലനിലവാരം പരിശോധിക്കുമ്പോൾ ജൂലായ് 31ന് അവസാനിച്ച ആഴ്ചയെക്കാൾ അരി,വെളിച്ചെണ്ണ,ചെറുപയർ,കടല,തുവര,മുളക് എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. പഴം,പച്ചക്കറികൾ,കോഴിയിറച്ചി എന്നിവയ്ക്കും വില കുറഞ്ഞതായും യോഗം വിലയിരുത്തി. കടല,തുവര,പഞ്ചസാര,കുറുവഅരി,വെളിച്ചെണ്ണ എന്നിവയുടെ വില വരും മാസങ്ങളിൽ വർദ്ധിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഈ സാധനങ്ങളുടെ ലഭ്യത കൂട്ടാൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദ്ദേശം നൽകി.

ജില്ലകളിൽ മൊത്തവ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടുകയും വിലനിലവാരം വിശകലനം ചെയ്യുകയും വേണം. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാർ,ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ,എ.ഡി.എം,ആർ.ഡി.ഒ,അസിസ്റ്റൻറ്റ് കളക്ടർമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകണം. ലാൻഡ് റവന്യു കമ്മിഷണർ,ജില്ലാ കളക്ടർമാർ,ഭക്ഷ്യ വകുപ്പ് സെക്രട്ടറി,സിവിൽസപ്ലൈസ് കമ്മിഷണർ,ലീഗൽ മെട്രോളജി കൺട്രോളർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.