ഐ പി എസ് തലപ്പത്ത് വൻ അഴിച്ചുപണി; കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അടക്കം മാറ്റി

Wednesday 14 August 2024 4:44 PM IST

തിരുവനന്തപുരം: കേരളത്തിലെ ഐ പി എസ് തലപ്പത്ത് വൻ അഴിച്ചുപണി. ഏഴ് എസ് പിമാരെയും രണ്ട് കമ്മീഷണർമാരെയുമാണ് മാറ്റിയിരിക്കുന്നത്. കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അടക്കമാണ് മാറ്റിയത്. വയനാട് എസ് പി ടി നാരായണന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായി സ്ഥാനക്കയറ്റം നൽകി.

കോഴിക്കോട് കമ്മീഷണർ രാജ്പാൽ മീണയെ കണ്ണൂർ ഡി ഐ ജിയായി നിയമിച്ചു. കോഴിക്കോട് റൂറൽ എസ് പി അരവിന്ദ് സുകുമാരനെയും മാറ്റിയിട്ടുണ്ട്. കണ്ണൂർ ഡി ഐ ജിയായിരുന്നു തോംസനെ നേരത്തെ മാറ്റിയിരുന്നു. ഇരുവരുമായിരുന്നു കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തെക്കുറിച്ച് അന്വേഷിച്ചത്. ചൈത്ര തെരേസ ജോൺ ആണ് പുതിയ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ.

തിരുവനന്തപുരം ഡി സി പി നിധിൻ രാജിനെ കോഴിക്കോട് റൂറൽ എസ് പിയായി നിയമിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഐ പി എസ് ഉദ്യോഗസ്ഥരായ രണ്ട് ഡി സി പിമാരുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.