കയറ്റുമതി തളരുന്നു, ഇറക്കുമതിയിൽ കുതിപ്പ്

Thursday 15 August 2024 12:53 AM IST

കൊച്ചി: അമേരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ ജൂലായിൽ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി 1.2 ശതമാനം ഇടിവോടെ 3398 കോടി ഡോളറിലെത്തി. മുൻവർഷം ഇതേകാലയളവിൽ 3,439 കോടി ഡോളറായിരുന്നു. അതേസമയം ഇറക്കുമതി കഴിഞ്ഞ വർഷം ജൂലായിലെ 5349 കോടി ഡോളറിൽ നിന്ന് 7.45 ശതമാനം ഉയർന്ന് 5,748 കോടി ഡോളറിലെത്തി. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി 2,350 കോടി ഡോളറായി ഉയർന്നു. ഇപ്പോഴത്തെ സൂചനകളനുസരിച്ച് നടപ്പുവർഷം ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം എളുപ്പത്തിൽ നേടാനാകുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബാത്രവാൾ പറഞ്ഞു. ജൂണിൽ കയറ്റുമതി 2.56 ശതമാനം വർദ്ധനയോടെ 3,520 കോടി ഡോളറിലെത്തിയിരുന്നു.

നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ നാല് മാസത്തിൽ ഇന്ത്യയുടെ മൊത്തം ഉത്പന്ന കയറ്റുമതി 4.15 ശതമാനം വർദ്ധനയോടെ 14,412 കോടി ഡോളറിലെത്തി. ഇക്കാലയളവിൽ ഇറക്കുമതി 7.57 ശതമാനം ഉയർന്ന് 22,970 കോടി ഡോളറായി.

Advertisement
Advertisement