ഇരുൾ വീണാൽ ഭയന്നുവിറച്ച് പാരിപ്പള്ളി മെഡി. കോളേജ്

Thursday 15 August 2024 12:55 AM IST

കൊല്ലം: ഇരുൾ കനത്താൽൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിലെ പല ഭാഗങ്ങളും സാമൂഹ്യവിരുദ്ധരുടെ താവളമാണ്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും രാത്രികാലങ്ങളിൽ ഭയന്നാണ് താമസകേന്ദ്രങ്ങളിലേക്ക് പോകുന്നത്.

വിദ്യാർത്ഥികൾ സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതോടെ ഹോസ്റ്റൽ വളപ്പിനോട് ചേർന്നുള്ള കാടുകൾ കഴിഞ്ഞയാഴ്ച വെട്ടിത്തെളിച്ചിരുന്നു. എന്നാൽ ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള പല ഫ്ലാറ്റുകളുടെയും ചുറ്റും ഇപ്പോഴും കാടുമൂടിക്കിടക്കുകയാണ്.ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്കും ക്വാർട്ടേഴ്സുകളിലേക്കുമുള്ള വഴികളിലെ വിളക്കുകൾ മിഴിയടയ്ക്കുന്നതും പതിവാണ്. രാത്രികാലങ്ങളിൽ ആശുപത്രി വളപ്പിലെ ഒഴിഞ്ഞമൂലകളിൽ തമ്പടിച്ചുള്ള മദ്യപാനവും അസഭ്യവർഷങ്ങളും പതിവാണെന്നും ജീവനക്കാർ പറയുന്നു.

ആശുപത്രി കുടിയന്മാ‌ക്ക് ആരാമം

 രാത്രികാലങ്ങളിൽ മദ്യപസംഘങ്ങൾ തമ്പടിക്കുന്നു

 രാത്രിയിൽ സുരക്ഷാ നിയന്ത്രണങ്ങളില്ല

 ആശുപത്രി ടോയ്‌ലെറ്റ് സംവിധാനങ്ങൾ തകർക്കുന്നു

 മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിന് പുറത്തിറങ്ങാൻ ഭീതി

 വനിതാ ഡോക്ടർമാർ ക്വാർട്ടേഴ്സുകളിലേക്ക് പോകുന്നത് സുരക്ഷാ ജീവനക്കാർക്കൊപ്പം

പത്തുനില ടൈപ്പ് ത്രീ ഫ്ലാറ്റ്

10 വർഷമായി പ്രേതാലയം

നിർമ്മാണം പൂർത്തിയായി പത്തുവർഷം പിന്നിട്ടിട്ടും തുറന്നുകൊടുക്കാതെ പ്രേതാലയം പോലെ കിടക്കുകയാണ് പത്ത് നിലകളുള്ള ടൈപ്പ് ത്രീ ഫ്ലാറ്റ്. ഈ ഫ്ലാറ്റ് പരിസരത്താണ് രാവും പകലും സാമൂഹ്യവിരുദ്ധരുടെ താവളം.

2014ൽ മെഡിക്കൽ കോളേജ് കെട്ടിട സമുച്ചയത്തിനൊപ്പം പൂർത്തിയായതാണ് ടൈപ്പ് ത്രീ ഫ്ലാറ്റ്. ആറുകോടിയിലേറെ രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടം മുക്കാൽ ലക്ഷം മാത്രം ചെലവിട്ട് അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തതിനാലാണ് അടച്ചിട്ടിരിക്കുന്നത്. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ജന്നാലകൾ പലതും സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തു.

ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്കായി ആകെ നാല് ഫ്ലാറ്റുകളാണുള്ളത്. അതിൽ നഴ്സുമാർക്കും ഓഫീസ് ജീവനക്കാർക്കുമായി മാറ്റിവച്ചിരിക്കുന്നതാണ് ടൈപ്പ് ത്രി.

ഫ്ലാറ്റ് ലഭിക്കാത്തതിനാൽ മെഡിക്കൽ കോളേജിലെ മറ്റ് ജില്ലകളിൽ നിന്നുള്ള നഴ്സുമാരും ഓഫീസ് ജീവനക്കാരും പുറത്ത് വൻ തുക നൽകിയാണ് വാടകയ്ക്ക് താമസിക്കുന്നത്.

ടൈപ്പ് ത്രീ ഫ്ലാറ്റ് - 10 നില
അപ്പാർട്ട്മെന്റുകൾ - 40
ഒരു നിലയിൽ - 4 അപ്പാർട്ട്മെന്റ്

സൗകര്യങ്ങൾ
 രണ്ട് കിടപ്പുമുറികൾ
 അടുക്കള
 പൊതുവരാന്ത

രാത്രികാലങ്ങളിൽ ആശുപത്രിയിലെ സുരക്ഷ വർദ്ധിപ്പിക്കും. പ്രധാന ഗേറ്റിൽ കൂടുതൽ സെക്യൂരിറ്റിമാരെ നിയോഗിക്കും. രാത്രിയിൽ ആശുപത്രി കോമ്പൗണ്ടിൽ സെക്യൂരിറ്റിമാർ റൗണ്ട്സ് നടത്തുന്ന സംവിധാനവും ഏർപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ സേഫ് കാമ്പസ് സേഫ് ഹോസ്പിറ്റൽ ക്യാമ്പയിന്റെ ഭാഗമായുള്ള ശുചീകരണവും സുരക്ഷാ വിലയിരുത്തലും ഇന്ന് മുതൽ ആരംഭിക്കും.

ബി.പദ്മകുമാർ, പ്രിൻസിപ്പൽ

പാരിപ്പള്ളി മെഡിക്കൽ കോളേജ്

Advertisement
Advertisement