ആശ്രാമം പാപ്പച്ചൻ കൊലപാതകം: പ്രതികളുമായി തെളിവെടുത്തു

Thursday 15 August 2024 1:23 AM IST

കൊല്ലം: ബി.എസ്.എൻ.എൽ റിട്ട. ജനറൽ മാനേജർ സി.പാപ്പച്ചനെ കാറിടിച്ച് കൊലപ്പെടുത്തിയ സ്ഥലത്ത് കേസിലെ പ്രതികളായ ക്വട്ടേഷൻ സംഘാംഗങ്ങളുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ പിൻഭാഗത്ത് കൂടി ഗസ്റ്റ് ഹൗസിലേക്കുള്ള റോഡിലായിരുന്നു തെളിവെടുപ്പ്.

പരുങ്ങി അനൂപ്

സാമ്പത്തിക പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനെന്ന പേരിൽ വിളിച്ചുവരുത്തിയ പാപ്പച്ചനൊപ്പം സ്കൂട്ടറിൽ ഒപ്പം കൂടി സംഭവസ്ഥലം വരെ എത്തിയിട്ട് വേഗത്തിൽ മുന്നോട്ടുപോയത് സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ അനൂപ് അല്പം പരുങ്ങലോടെയാണ് വിശദീകരിച്ചത്.

കൂസലില്ലാതെ അനിമോൻ

അനൂപ് സ്കൂട്ടറിൽ മുന്നോട്ടുപോയതോടെ റോഡുവക്കിൽ കാത്തുകിടക്കുകയായിരുന്ന താൻ നീല വാഗണർ മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്ത്തിയത് ഒന്നാംപ്രതിയായ അനിമോൻ യാതൊരു കൂസലുമില്ലാതെ വിശദീകരിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം ഈസ്റ്റ് സി.ഐ എൽ.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മോട്ടോർവാഹന വകുപ്പ് എ.എം.വി.ഐ ദിനൂപും റവന്യു ഉദ്യോഗസ്ഥരും തെളിവെടുപ്പിന് സാക്ഷികളായി. അനിമോനെയും മാഹീനെയും ഒരേ കൈവിലങ്ങിൽ ബന്ധിച്ചാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. അനൂപിനെ പ്രത്യേകവും.

അഭിനയവുമായി മാഹീൻ

പാപ്പച്ചനെ കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും അനൂപും അനിമോനും ചേർന്ന് തന്നെ ചതിക്കുകയായിരുന്നുവെന്നും തെളിവെടുപ്പിനിടെ മാഹീൻ പൊലീസിനോട് പറഞ്ഞു. അനൂപ് വിളിച്ചത് പ്രകാരമാണ് താൻ സംഭവസ്ഥലത്ത് എത്തിയത്. വന്നപ്പോൾ പാപ്പച്ചൻ കാറിടിച്ച് അവശനായി കിടക്കുകയായിരുന്നു. ഇതോടെ താൻ ആളുകളെ വിളിച്ചുകൂട്ടി പാപ്പച്ചനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും പറഞ്ഞ് മാഹീൻ വിതുമ്പി. ഇത് മാഹീന്റെ നാടകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം പാപ്പച്ചനെ ഇടിച്ചുവീഴ്ത്തിയ ശേഷം അനിമോൻ കടന്നുകളയുമ്പോൾ രക്ഷാപ്രവർത്തകനെപ്പോലെ എത്തി ആശുപത്രിയിൽ എത്തിക്കുന്നത് വൈകിപ്പിക്കാൻ മാഹീൻ സ്ഥലത്തി ഓട്ടോറിക്ഷയിൽ കാത്തുകിടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നേരിട്ട് പരിചയം ഇല്ലാതിരുന്നിട്ടും പാപ്പച്ചന്റെ സംസ്കാര ചടങ്ങിൽ മാഹീൻ ഉറ്റബന്ധുവിനെപ്പോലെ ഉണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ സംസ്കാര ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കും.

Advertisement
Advertisement