വയനാട്ടിൽ തെരച്ചിലിനിടെ കണ്ടെത്തിയത് നാല് ലക്ഷത്തോളം രൂപ; പണം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ

Thursday 15 August 2024 11:58 AM IST

കൽപ്പറ്റ: വയനാട്ടിൽ വെള്ളാർമലയിൽ തെരച്ചിൽ നടത്തുന്നതിനിടെ പുഴക്കരയിൽ നിന്ന് പണം കണ്ടെത്തി. നാല് ലക്ഷത്തോളം രൂപയാണ് അഗ്നിശമനസേനയ്ക്ക് ലഭിച്ചത്. ചെളിപുരണ്ട നിലയിൽ അഞ്ഞൂറിന്റെയും നൂറിന്റെയും നോട്ടുകളാണ് കിട്ടിയത്.

പാറക്കെട്ടിനിടയിൽ ഒരു പ്ലാസ്റ്റിക്‌ സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ വസ്തു കണ്ടെത്തുകയായിരുന്നു. തുറന്നുനോക്കിയപ്പോഴാണ് തുക കണ്ടെത്തിയത്. അഞ്ഞൂറ് രൂപയുടെ ഏഴ് കെട്ടുകളും നൂറ് രൂപയുടെ അഞ്ച് കെട്ടുകളുമാണ് ലഭിച്ചത്. പണം റവന്യു വകുപ്പിന് കൈമാറുമെന്ന് അഗ്നിശമന സേന അറിയിച്ചു. നേരത്തെ സ്വർണവും കണ്ടെത്തിയിരുന്നു.

അതേസമയം, വരും ദിവസങ്ങളിലും കാണാതായവർക്കുള്ള പരിശോധന തുടരും. 118 പേരാണ് കാണാമറയത്തുള്ളത്. ഓരോ മേഖലയിലും രണ്ട് തവണ പരിശോധന നടത്തിക്കഴി‌ഞ്ഞു, പൂർത്തിയാക്കിയ മേഖലകളിൽ ആളുകൾ ആവശ്യപ്പെട്ടാൽ വീണ്ടും പരിശോധിക്കും.

ഇന്നലെ ദുരന്തഭൂമിയിൽ എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, പൊലീസ്, വനംവകുപ്പ് വിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും തെരച്ചിൽ നടത്തിയിരുന്നു. ബന്ധുക്കൾ കാട്ടിക്കൊടുത്ത വീടിരുന്ന സ്ഥലങ്ങളിലും തെരഞ്ഞു. മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്തിയില്ല. വയനാടിന് പുറമെ നിലമ്പൂരിലെ ചാലിയാറിലും തെരച്ചിൽ ഇന്നലെയും തുടർന്നു. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്ററിൽ 60 അംഗ സംഘമാണ് തെരച്ചിൽ നടത്തിയത്.

ഓഗസ്റ്റ് 13 ന് നിലമ്പൂർ കുമ്പളപ്പാറയിൽ ലഭിച്ച ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും ഇന്നലെ സംസ്‌കരിച്ചിരുന്നു. ഇതുവരെ 231 മൃതദേഹങ്ങളും 221 ശരീരങ്ങളുമാണ് ലഭിച്ചത്. 420 പേരുടെ ഡി.എൻ.എ പരിശോധനയ്ക്കയച്ചു. ദുരന്തത്തിലകപ്പെട്ട മുഴുവൻ ജന്തുജീവജാലങ്ങളെയും സംരക്ഷിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Advertisement
Advertisement