രണ്ടുതരം ഭീഷണി; കേരളത്തെ അടുത്ത അഞ്ചുദിവസം കാത്തിരിക്കുന്നത് അതിശക്തമായ മഴ, ജാഗ്രത വേണം

Thursday 15 August 2024 4:52 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 15 മുതൽ 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. കൊങ്കൺ മുതൽ ചക്രവാതച്ചുഴി വരെ 1 .5 കിലോമീറ്റർ ഉയരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അഞ്ചുദിവസം അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് കോഴിക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റും ഉണ്ടാവും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്.

Advertisement
Advertisement