"അമ്പത് വർഷം കഴിഞ്ഞു, മുല്ലപ്പെരിയാറിനേക്കാൾ അപകടം; കേരളത്തിലെ ഏറ്റവും വലിയ ദുരന്തം വരാൻ പോകുന്നത്

Friday 16 August 2024 11:06 AM IST

ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രമായ 'കർണ്ണിക'പ്രേക്ഷകരിലേക്ക് എത്താൻ പോകുകയാണ്. സിനിമയുടെ ലാഭം മുഴുവൻ വയനാട്ടിലെ കുട്ടികൾക്ക് നൽകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനും നിർമാതാവുമായ സോഹൻ റോയ്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

'ഇത് ചാരിറ്റി മൂവിയാണ്. മലയാളമല്ല, ലോക സിനിമയിലാകെ ചാരിറ്റി മൂവി എന്ന കൺസെപ്റ്റ് തുടങ്ങിയത് ഞങ്ങളാണ്. നമ്മൾ ചാരിറ്റിക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്ന പണമല്ലേ, അതിൽ റിട്ടേൺസ് ഒന്നും പ്രതീക്ഷിക്കുന്നില്ല. നേരിട്ട് ആ പണം കൊടുക്കുന്നതിന് പകരം സിനിമ നിർമിക്കുക, അതിൽ നിന്നുള്ള വരുമാനം ചാരിറ്റിക്ക് കൊടുക്കുക. അതിന്റെ ഗുണം എന്താണെന്നുവച്ചാൽ കലാകാരന്മാരുടെ മനസിലെ ആഗ്രഹം നടത്താൻ പറ്റും. മാത്രമല്ല ഇതുകാണുന്ന ഓരോ പ്രേക്ഷകനും ഇതിന്റെ ഭാഗമാകും. ഒരു ക്രൗഡ് ഫണ്ടിംഗ് പോലെയാണ്.'- അദ്ദേഹം പറഞ്ഞു.

ഡാം 999 എന്ന തന്റെ ചിത്രത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. ' എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു സിനിമ ചെയ്യണമെന്നത്. അതിന് സോഷ്യൽ റെലവൻസ് ഉണ്ടെന്ന് കണ്ടപ്പോഴാണ് ചെയ്തത്. 2011ലാണ് ചിത്രം റിലീസ് ചെയ്തത്. അന്നേ മുല്ലപ്പെരിയാർ പ്രശ്നം ഉണ്ട്. പക്ഷേ മുല്ലപ്പെരിയാർ ഇന്നും അവിടെയുണ്ട്, ആ പ്രശ്നങ്ങളും ഉണ്ട്. അതിന് കൂടുതൽ റെലവൻസ് വന്നുകൊണ്ടിരിക്കുകയാണ്.

മുല്ലപ്പെരിയാർ വിഷയമെന്ന് പറയുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ലോകത്ത് ഇതുപോലത്തെ കുറേ ഡാമുകൾ ഉണ്ട്. പ്രത്യേകിച്ച് കോൺഗ്രീറ്റ് ഡാമുകളുടെ ആയുസ് എന്നുപറയുന്നത് അമ്പത് വർഷമാണ്. ഈ കാലയളവ് കഴിഞ്ഞാൽ ഡാമുകൾ മാറ്റുന്നതിനെപ്പറ്റി നമ്മൾ ചിന്തിച്ചിട്ടില്ല. ഇപ്പോൾ കേരളത്തെക്കുറിച്ച് പറയുമ്പോൾ അങ്ങേയറ്റം തൊട്ട് ഇങ്ങേയറ്റം വരെ ഡാമുകളുടെ നീണ്ട നിരയാണ്. പക്ഷേ നാളെ ഈ ഡാമിന് എന്ത് പറ്റുമെന്ന് നമ്മളാരും ആലോചിച്ചിട്ടില്ല.


ശരിക്ക് പറഞ്ഞാൽ മുല്ലപ്പെരിയാർ ഈ ഡാമുകളിൽ ഏറ്റവും സുരക്ഷിതമാണ്. അതൊരു ഗ്രാവിറ്റി ഡാം ആയതുകൊണ്ട് കുറേക്കാലം കൂടി സർവൈവ് ചെയ്‌തെന്നിരിക്കും. പക്ഷേ കോൺഗ്രീറ്റ് ഡാമുകൾ അങ്ങനെയല്ല. കാലപ്പഴക്കം വന്നാൽ ഒരു ദിവസം പൊട്ടിയേ പറ്റത്തുള്ളൂ. അതിന് വേറെ മാർഗങ്ങളൊന്നുമില്ല. ഞാൻ ബേസിക്കലി ഒരു എൻജിനിയറാണ്. എന്ത് സേഫ്റ്റിയിൽ പണിതുകഴിഞ്ഞാലും അതിന് ഒരു പിരീഡ് ഉണ്ട്. അത് കഴിഞ്ഞാൽ അത് തകർന്നേ പറ്റത്തുള്ളൂ.

എന്നെ സംബന്ധിച്ച് ഞാൻ കാണുന്നത്, മുല്ലപ്പെരിയാറിനേക്കാൾ മറ്റ് ഡാമുകളെയാണ്. മലയാളികൾ എല്ലാവരും ഏതെങ്കിലുമൊരു ഡാമിനടുത്താണ് താമസിക്കുന്നത്. ഇതിലേതെങ്കിലും ഇന്നല്ലെങ്കിൽ നാളെ നീക്കം ചെയ്തില്ലെങ്കിൽ അതൊരു ദുരന്തമായി മാറും.

കേരളത്തിലെ മിക്ക കോൺഗ്രീറ്റ് ഡാമുകളും അമ്പത് വർഷം കഴിഞ്ഞതാണ്. ഏറ്റവും വലിയ ദുരന്തം വരാൻ പോകുന്നത്, ഇതെല്ലാം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കണ്ടീഷനിൽ എന്നോട് ചോദിച്ചുകഴിഞ്ഞാൽ മുല്ലപ്പെരിയാർ മറ്റ് ഡാമുകളേക്കാൾ സർവൈവ് ചെയ്യാൻ സാദ്ധ്യതയുണ്ട്. പക്ഷേ മുല്ലപ്പെരിയാറിന്റെ ഏറ്റവും വലിയ പ്രശ്നം അത് നിൽക്കുന്നത് ഭൂകമ്പ സാദ്ധ്യതയുള്ള മേഖലയിലാണ്. ഭൂകമ്പം വന്നുകഴിഞ്ഞാൽ, മുല്ലപ്പെരിയാർ അല്ല ഏത് ഡാം ആയാലും തകർന്നേ പറ്റത്തുള്ളൂ. വയനാട്ടിൽ സംഭവിച്ചത് ഉരുൾപൊട്ടലാണ്. ഡാമുകളുള്ള സ്ഥലത്ത് ഉരുൾപൊട്ടൽ സ്വാഭാവികമാണ്.

അപ്രതീക്ഷിതമായി മഴ വരികയോ ഉരുൾപൊട്ടലുണ്ടാകുകയോ ഭൂമികുലുക്കമുണ്ടാകുകയോ ചെയ്താൽ ഡാമുകളെല്ലാം തകരും. നമ്മളൊരു വാട്ടർ ബോംബിന്റെ മുന്നിൽ ജീവിക്കണോ വേണ്ടയോ എന്നത് നമ്മുടെ ചോയിസാണ്.

എന്റെ വീട് പുനലൂരിനടുത്താണ്. തൊട്ട് ബാക്കിലുള്ളതാണ് തെന്മല ഡാം. ആ തെന്മല ഡാം നിർമിച്ചിരിക്കുന്നത് ഒരിക്കലും പ്രോപ്പർ ആയ രീതിയിലല്ല. ചെറുപ്പകാലത്ത്, ഞങ്ങളുടെയൊക്കെ വീടുവയ്ക്കുന്ന സമയത്ത് അവിടെ വന്നേക്കുന്ന സിമന്റ് മുഴുവൻ തെന്മലയിൽ ഉപയോഗിക്കേണ്ടതായിരുന്നു. അത് ബ്ലാക്കിൽ ആ ഏരിയയിൽ മൊത്തം വന്നേക്കുന്നത്. ആ സിമന്റൊക്കെ ഞങ്ങളുടെ വീടിന്റെ കൺസ്ട്രക്ഷന് ഉപയോഗിച്ചതായി എന്റെ മാതാപിതാക്കൾ പറഞ്ഞ് നന്നായി അറിയാം. സാധാരണ മാർക്കറ്റിൽ കിട്ടുന്ന സിമന്റിന്റെ പകുതി വിലയ്ക്ക് ഈ സിമന്റ് വരുമ്പോൾ നാട്ടുകാർ വാങ്ങും. ഡാം പണിയേണ്ട സിമന്റ് പല വഴിക്ക് പോയേക്കുകയാണ്. അങ്ങനെ വരുമ്പോൾ അത് അതിന്റെ സ്ട്രംഗ്ത്തിനെ ബാധിക്കും. നാളെ മുല്ലപ്പെരിയാറിന് പകരം മറ്റൊരു ഡാം പണിതാലും അവിടെ ഇത്തരം അഴിമതി നടന്നാൽ മുല്ലപ്പെരിയാറിനേക്കാൾ വലിയ ദുരന്തമായി മാറാൻ സാദ്ധ്യതയുണ്ട്.'

Advertisement
Advertisement