പരശുരാമൻ ജീവിച്ചിരുന്നോ, ഇല്ലയോ? എംജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുടെ വാക്കുകൾ

Friday 16 August 2024 11:07 AM IST

ഹൈന്ദവ വിശ്വാസ പ്രകാരം മഹാവിഷ്‌ണുവിന്റെ അവതാരമായ പരശുരാമനാൽ സൃഷ്‌ടിക്കപ്പെട്ടതാണ് കേരളം. പരശു അഥവാ മഴു കടലിലേക്ക് എറിഞ്ഞ് പരശുരാമൻ വീണ്ടെടുത്ത സ്ഥലമാണ് കേരളമെന്ന് പുരാണങ്ങളിൽ പരാമർശിക്കുന്നു. ഇടത് സൈദ്ധാന്തികനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചെയർമാനും മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലറുമായ രാജൻ ഗുരുക്കൾ ഇതുസംബന്ധിച്ച് നടത്തിയ പരാമർശം ശ്രദ്ധേയമാണ്.

മനുഷ്യരൂപത്തിലുള്ള ദൈവമാണ് പരശുരാമൻ എന്നാണ് രാജൻ ഗുരുക്കൾ അഭിപ്രായപ്പെടുന്നത്. പരശുരാമൻ അവതാരത്തിൽ പെട്ടതാണ്. മനുഷ്യരൂപത്തിലുള്ള ദൈവമാണ് പരശുരാമൻ. മനുഷ്യരൂപത്തിൽ വന്നുകഴിഞ്ഞാൽ ലെജൻഡറി ആയിട്ടുള്ള കാര്യങ്ങളാണ് ചെയ്യുക. മഴുവെറിഞ്ഞ് വരുണനിൽ നിന്ന് ഭൂമി വീണ്ടെടുത്തതും, ബ്രാഹ്മണരെ കൊണ്ട് വന്ന് 64 ഗ്രാമങ്ങളിൽ താമസിപ്പിച്ചതും ഐതിഹ്യങ്ങളിലുണ്ട്. ബ്രാഹ്മണർ കേരളത്തിൽ വന്നത് ചരിത്രത്തിലുമുള്ള കാര്യമാണ്.

ആദ്യം കേരളത്തിലേക്ക് വന്ന ബ്രാഹ്മണരെ ഇവിടെയുള്ളവർ (നാഗന്മാർ) തുരത്തി ഓടിക്കുകയായിരുന്നു. പിന്നീട് ആയുധങ്ങളുമായി എത്തിയാണ് അവരെ കീഴ്‌പ്പെടുത്തി വാഴുംനമ്പിമാരായി മാറിയത്. കേരളത്തിലെ നമ്പൂതിരിമാർക്ക് ഒരു രാജാവിനോടും കടപ്പാടില്ലായിരുന്നു. രാജവാഴ്‌ച ഇല്ലാതിരുന്ന ഘട്ടമായതിനാൽ ഇവിടുത്തെ ഗോത്രവർഗങ്ങളെ അടിച്ചൊതുക്കി നമ്പൂതിരിമാർ സ്വയം ഭരണമുണ്ടാക്കിയ ആൾക്കാരാണെന്നും രാജൻ ഗുരുക്കൾ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരവുമായി ബന്ധപ്പെട്ട് അടുത്തിടെ രാജൻ ഗുരുക്കൾ നടത്തിയ പ്രതികരണം വിവാദം സൃഷ്‌ടിച്ചിരുന്നു. ഒരു മാസികയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് കേരളത്തിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലവാരം സംബന്ധിച്ച് രാജൻ ഗുരുക്കൾ ചില പരാമർശങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾ സ്വയം പഠിക്കുന്നില്ലെന്നും സ്പൂൺ ഫീഡിംഗിലൂടെ അവർ മണ്ണുണ്ണികളായി മാറുന്നു എന്നും രാജൻ ഗുരുക്കൾ പറഞ്ഞിരുന്നു.

Advertisement
Advertisement