സംസ്ഥാന ചലച്ചിത്ര പുരസ്കാരം : പൃഥ്വിരാജ് മികച്ച നടൻ, ഉർവശിയും ബീനയും നടിമാർ, ബ്ലെസി സംവിധായകൻ

Saturday 17 August 2024 1:32 AM IST

തിരുവനന്തപുരം: നജീബിന്റെ കണ്ണീർക്കടലായ പ്രവാസ ജീവിതം ഒപ്പിയെടുത്ത 'ആടുജീവിതത്തി"ലെ അഭിനയത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. ഇതേ സിനിമയിലൂടെ ബ്ലസി മികച്ച സംവിധായകനുമായി. 'ഉള്ളൊഴുക്കി"ലെ ലീലാമ്മയിലൂടെ ഉർവശിയും, 'തടവി"ലെ ഗീതയിലൂടെ ബീന ആർ. ചന്ദ്രനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

മമ്മൂട്ടി നിർമ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ ദി കോർ" കഴിഞ്ഞ വർഷത്തെ മികച്ച സിനിമ. മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപവീതവും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. മികച്ച സംവിധായനും ഇതേ തുക ലഭിക്കും. നടനും നടിക്കും ഒരു ലക്ഷം രൂപ വീതം ലഭിക്കും. മികച്ച നടൻ, സംവിധായകൻ, ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം എന്നിവയുൾപ്പെടെ ഒമ്പത് അവാർഡ് 'ആടുജീവിതം" നേടി. മന്ത്രി സജി ചെറിയാനാണ് 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർ‌ഡുകൾ പ്രഖ്യാപിച്ചത്.

അവലംബിത തിരക്കഥയ്‌ക്കുള്ള പുരസ്കാരം ലഭിച്ചത് ബ്ലസിക്ക് ഇരട്ട നേട്ടമായി. സുനിൽ കെ.എസ് (ഛായാഗ്രാഹകൻ), റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ശബ്ദമിശ്രണം), വൈശാഖ് ശിവഗണേഷ് (പ്രോസസിംഗ് ലാബ്/കളറിസ്റ്റ്), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), കെ.ആർ. ഗോകുൽ (അഭിനയം-പ്രത്യേക പരാമർശം) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ.

ജോജു ജോർജിന്റെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച് രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. 'പൂക്കാല"ത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സ്വഭാവനടനായും 'പൊമ്പളൈ ഒരുമൈ"യിലൂടെ ശ്രീഷ്മ ചന്ദ്രൻ മികച്ച സ്വഭാവനടിയുമായി. അഭിനയത്തിലെ ജൂറിയുടെ പ്രത്യേക പരമാർശത്തിന് കൃഷ്ണനും (ജൈവം) സുധി കോഴിക്കോടും (കാതൽ ദി കോർ) അർഹരായി. അജിത് കുമാർ സുധാകരൻ നിർമ്മിച്ച് അരുൺ ചന്ദു സംവിധാനം ചെയ്ത 'ഗഗനചാരി"ക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു.

 വിദ്യാധരൻ മാസ്റ്റർ മികച്ച ഗായകൻ

'ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രക്കിലെ 'പതിരാണെന്നോർത്തൊരു കനവിൽ" എന്ന ഗാനത്തിലൂടെ പിന്നണി ഗായകനുള്ള പുരസ്കാരം വിദ്യാധരൻ മാസ്റ്റർക്ക് ലഭിച്ചു. പാച്ചുവും അത്ഭുതവിളക്കുമെന്ന ചിത്രത്തിലെ 'തിങ്കൾപ്പൂവിൻ ഇതളവൾ" എന്ന ഗാനത്തിലൂടെ ആൻ ആമി മികച്ച ഗായികയായി. ചാവേറിലെ 'ചെന്താമരപ്പൂവിൻ എന്ന ഗാനമൊരുക്കിയ ജസ്റ്റിൻ വർഗീസാണ് മികച്ച സംഗീത സംവിധായകൻ. പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് മാത്യൂസ് പുളിക്കൻ (കാതൽ ദി കോർ) നേടി. ജൂറി ചെയർമാൻ സുധീർ മിശ്ര,ചലച്ചിത്ര അക്കാഡമി ചെയർമാൻ എം. രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Advertisement
Advertisement