ബൈക്ക് മറിഞ്ഞ് കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

Saturday 17 August 2024 1:13 AM IST
അജയ്

എഴുകോൺ: ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടുമുറ്റത്തെ

കിണറിലേക്ക് വീണ യുവാവിന് പ്രദേശവാസിയുടെ സമയോചിത ഇടപെടൽ രക്ഷയായി. ഇലഞ്ഞിക്കോട് കോളനിയിൽ ഏഷ്യാനെറ്റ് കേബിൾ പണിക്കെത്തിയ പുത്തൂർ ചെറുപൊയ്ക കുളപ്പുള്ളി മഠത്തിൽ വിഷ്ണുവാണ് (22) അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് കിണറിനടുത്തുള്ള മരത്തിലിടിച്ച് മറിയുകയായിരുന്നു. തെറിച്ചുപോയ വിഷ്ണു 30 അടി താഴ്ചയുള്ള കിണറിലേക്കാണ് വീണത്. നിലവിളി കേട്ട് ഓടിയെത്തിയ മുകളുവിളവീട്ടിൽ അജയ് ആണ് (21) രക്ഷകനായത്. അജയ് വേഗത്തിൽ കിണറ്റിലിറങ്ങി മുങ്ങിതാണുകൊണ്ടിരുന്ന വിഷ്ണുവിനെ സാഹസികമായി ഉയർത്തിനിറുത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കയറ് കെട്ടി മുകളിലെത്തിക്കുകയായിരുന്നു. നിസാര പരിക്കുകളോടെ വിഷ്ണുവിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അജയിനെ ഗ്രാമപഞ്ചായത്തംഗം ടി.ആർ.ബിജുവിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ അഭിനന്ദിച്ചു.

Advertisement
Advertisement