തലസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ: യുവാവിനെ അടിച്ചുകൊന്ന കേസിൽ ഒരാൾ പിടിയിൽ

Saturday 17 August 2024 2:11 AM IST
ഷിബിലി

പ്രതികൾ രക്ഷപ്പെട്ടത് കൊലപാതകം പൊലീസിനെ അറിയിച്ചശേഷം

ശംഖുംമുഖം: തലസ്ഥാനത്ത് ലഹരി-ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിനെ കല്ലുകളും മരക്കഷണങ്ങളുമുപയോഗിച്ച് ക്രൂരമായി അടിച്ചു കൊന്നു. ബീമാപള്ളി സദ്ദാം നഗറിൽ ഹസൻ-ബദറുനീസ ദമ്പതികളുടെ മകൻ ഷിബിലിയാണ് (36) കൊല്ലപ്പെട്ടത്. സംഭവത്തിൽ ബീമാപള്ളി സ്വദേശി ഇനാസിനെ പൂന്തുറ പൊലീസ് തമിഴ്നാട്ടിലെ തിരുനെല്ലിയിൽ നിന്ന് പിടികൂടി. സംഭവശേഷം രാത്രിയിൽ തന്നെ തമിഴ്നാട്ടിലേക്ക് കടന്ന ഇനാസിനെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇനാസിന്റെ സഹോദരനും കേസിലെ മറ്റൊരു പ്രതിയുമായ ഇനാദിനായി പൊലീസ് അന്വേഷണം തുടരുന്നു.

ബീമാപള്ളി കടപ്പുറത്ത് വ്യാഴാഴ്ച രാത്രി 12നാണ് സംഭവം.

നാല് സ്റ്റേഷനുകളിലായി 28കേസുകളിൽ പ്രതിയാണ് ഷിബിലി. ഇനാസിനെതിരെ നിരവധി വാഹന മോഷണക്കേസുകളുണ്ട്. ലഹരി വില്പന, ഗുണ്ടാ ക്വട്ടേഷനുകൾ എന്നിവ നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവരെല്ലാം. ലഹരി വില്പനയെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

‌ഷിബിലിയെ കടപ്പുറത്ത് കൊലപ്പെടുത്തിയവിവരം എയ്ഡ് പോസ്റ്റിലെ പൊലീസുകാരനെ അറിയിച്ചശേഷമാണ് പ്രതികൾ കടന്നത്. ഒരാഴ്ച മുമ്പ് ബീമാപള്ളി പ്രദേശത്ത് ലഹരി വില്പനയെച്ചൊല്ലി പ്രതികളും ഷിബിലിയും തമ്മിൽ തർക്കമുണ്ടായിരുന്നു. വ്യാഴാഴ്ചയും ഇരുസംഘങ്ങളും തമ്മിൽ ബീമാപള്ളിക്ക് മുൻവശത്തുവച്ച് അടിപിടിയുണ്ടായി. വീട്ടിലേക്ക് പോയ ഷിബിലിയെ അർദ്ധരാത്രിയിൽ ഫോൺ ചെയ്ത് ബീമാപള്ളിക്ക് മുന്നിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെയിട്ട് മർദ്ദിച്ചശേഷം വലിച്ചിഴച്ച് കടപ്പുറത്ത് കൊണ്ടുപോയി കല്ലും കമ്പും പലകയുമുപയോഗിച്ച് മർദ്ദനം തുടർന്നു. ഷിബിലി അവിടെ വച്ച് മരിച്ചു. അനക്കമില്ലെന്ന് കണ്ടതോടെ പ്രതികൾ മൃതദേഹമുപേക്ഷിച്ച് റോഡിലേക്കെത്തി.

'ഒരുത്തനെ കടപ്പുറത്ത് റെഡിയാക്കി കിടത്തിയിട്ടുണ്ട്" എന്ന് എയ്ഡ് പോസ്റ്റിലെ പൊലീസുകാരനെ ഇനാസ് അറിയിച്ചു. പൊലീസിന് ഇവരെ പിടി കൂടാനായില്ല. ബീമാപള്ളി വളപ്പിലുണ്ടായിരുന്ന, സന്നദ്ധ സംഘടനയുടെ ആംബുലൻസും പ്രതികൾ ആക്രമിച്ചു. പൂന്തുറ പൊലീസെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Advertisement
Advertisement