225 കോടി കൂടി;ഓണ വിപണി മോടിയാക്കാൻ സപ്ലൈകോ

Saturday 17 August 2024 2:29 AM IST

തിരുവനന്തപുരം:. ഓണത്തിന് വിപണി ഇടപെടൽ ശക്തമാക്കുന്നതിന് ധനവകുപ്പ് 225 കോടി രൂപ കൂടി അനുവദിച്ചതോടെ, സംസ്ഥാനമൊട്ടാകെ പതിവുപോലെ ഓണ വിപണികൾ തുറക്കുന്നതിന് സപ്ലൈകോ വീണ്ടും ടെൻഡറുകൾ ക്ഷണിക്കും

100 കോടി നേരത്തെ അനുവദിച്ചിരുന്നു.

ഈ മാസം 1,7, 14 തീയതികളിലെ ടെൻഡറുകളിലൂടെ ആവശ്യത്തിന് സാധനങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. നേരത്തെ സാധനങ്ങൾ എത്തിച്ചതിൽ 650 കോടി രൂപ കുടിശ്ശികയുണ്ടായിരുന്നതിനാൽ വിതരണക്കാരിൽ കൂടുതൽ പേരും വിട്ടു നിന്നതായിരുന്നു കാരണം. പങ്കെടുത്തവരാകട്ടെ കൂടുതൽ വിലയാണ് ആവശ്യപ്പെട്ടതും.

ഇപ്പോൾ ലഭിച്ച തുക കുടിശ്ശിക വിതരണത്തിന്റെ പകുതിയോളം കൊടുത്തു തീർക്കുന്നതിന് ഉപയോഗിക്കും. തുക ലഭിച്ചാൽ അടുത്ത ടെൻഡറുമായി സഹകരിക്കാമെന്ന് വിതരണക്കാർ സപ്ലൈകോയെ അറിയിച്ചിട്ടുണ്ട്.ഓണ വിപണിക്ക് 500 കോടി രൂപ വേണമെന്നാവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കത്ത് നൽകിയിരുന്നു. സബ്സിഡി കുടിശ്ശിക പോലും ധനവകുപ്പ് ഭക്ഷ്യവകുപ്പിന് നൽകുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വവും സി.പി.എമ്മിനോട് പരാതിപെട്ടിരുന്നു. കഴിഞ്ഞ വർഷം സപ്ലൈകോയ്ക്ക് സർക്കാർ 391കോടിയാണ് അനുവദിച്ചതെന്നും, ഈ വർഷം ഇതുവരെ 325കോടിയായെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

ഓണം ഫെയറുകൾ

 ഇന്ന് യോഗം ചേരും

വിതരക്കാർക്കുള്ള തുകയിൽ നിശ്ചിത ശതമാനം വിതരണം ചെയ്യും

ജില്ലാ, താലൂക്ക് കേന്ദ്രങ്ങൾക്കു പുറമേ നിയോജക മണ്ഡലാടിസ്ഥാനത്തിലും ഓണം ഫെയർ

മാവേലിസ്റ്റോറുകളില്ലാത്ത ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിലും ഓണച്ചന്ത

Advertisement
Advertisement