ഈണം കടാക്ഷിച്ചില്ലെങ്കിലും ഗാനാലാപനം തുണച്ചു

Saturday 17 August 2024 3:37 AM IST

തൃശൂർ: നാലരപതിറ്റാണ്ടോളം നിരവധി ഹിറ്റ് പാട്ടുകൾക്ക് സംഗീതം പകർന്നിട്ടും ലഭിക്കാത്ത അവാർഡ് 79ാം വയസ്സിൽ വിദ്യാധരൻ മാസ്റ്ററെ തേടിയെത്തി.അതും മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ്. ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ മെഹബൂബിനൊപ്പം ഓ റിക്ഷാവാലാ..എന്ന ഗാനം ആലപിച്ചു പാട്ടുകാരനായി സിനിമയിലെത്തിയ മാഷിന് ഈ അവാർഡിൽ പൂർണ സംതൃപ്തി.സിനിമയിൽ പാടാൻ തൃശൂർ ആറാട്ടുപുഴയിലെ വീട്ടിൽ നിന്ന് മദ്രാസിലേക്ക് ഒളിച്ചോടിയ മാഷ്എത്തിയത് സംഗീത സംവിധായകൻ ജി.ദേവരാജന്റെ മുമ്പിലായിരുന്നു.അങ്ങനെയായിരുന്നു ആ പാട്ടിൽ കോറസ് പാടിയത്.. അന്ന് 20 വയസ്. അതായിരുന്നു ആദ്യ ബഹുമതിയെന്ന് അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

കൽപ്പാന്ത കാലത്തോളം മലയാളിയുടെ മനസിൽ സംഗീതമാധുരി മായാമയൂരമായി പീലിവിടർത്തി ആടുന്ന പാട്ടുകൾ സമ്മാനിച്ച സംഗീത പ്രതിഭ. ആ അനശ്വര ഗാനങ്ങൾ അവാർഡുകൾക്ക് പരിഗണിക്കപ്പെട്ടില്ല. താൻ സംഗീതം നൽകിയ പാട്ടുകൾ പാടിയവർക്ക് അവാർഡുകൾ കിട്ടുമ്പോഴും വിദ്യാധരൻ മാസ്റ്റ‌റെ ജൂറികൾ കടാക്ഷിച്ചില്ല.

സിനിമയിലും ആൽബത്തിലുമൊക്കെയായി അയ്യായിരത്തോളം പാട്ടുകൾക്ക് ഈണമിട്ടു. നൂറിലേറെ പാട്ടുകൾ പാടി.

എൺപതുകളുടെ ആദ്യം ആഗമനം എന്ന സിനിമയിലായിരുന്നു സംഗീത സംവിധാനത്തിന്റെ തുടക്കം .1984ൽ എന്റെ ഗ്രാമം എന്ന സിനിമയിൽ ഈണമിട്ട കല്പാന്തകാലത്തോളം, പിന്നീട് വീണപൂവ് എന്ന സിനിമയിലെ നഷ്ടസ്വർഗ്ഗങ്ങളേ... എന്നീ പാട്ടുകൾ സർവകാല ഹിറ്റുകളാണ്.

'കണ്ണ് നട്ട് കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണ്...' അദ്ദേഹം പാടിയ ഹിറ്റ് ഗാനമാണ്. ചന്ദനം മണക്കുന്ന പൂന്തോട്ടം (അച്ചുവേട്ടന്റെ വീട്), പാടുവാനായ് വന്നു നിന്റെ (എഴുതാപ്പുറങ്ങൾ), അമ്പലമില്ലാതെ ആൽത്തറയിൽ വാഴും (പാദമുദ്ര), സ്വപ്നങ്ങളൊക്കെയും പങ്കുവെയ്ക്കാം (ഗുരുജി ഒരു വാക്ക്), ... എത്രയെത്ര ഹിറ്റുകൾ. .

സംഗീത നാടക അക്കാഡമി ഫെല്ലോഷിപ്പും ജി.ദേവരാജൻ മാസ്റ്റർ അവാർഡും അടക്കമുള്ള ബഹുമതികൾ തേടിയെത്തി.

മക്കളും കൊച്ചുമക്കളുമെല്ലാം സംഗീതവഴിയിലുണ്ട്. ഭാര്യ: ലീല. മകൾ സംഗീത ആർക്കിടെക്ടാണ്. മകൻ സജിത് വിദ്യാധരൻ അബുദാബിയിലും. മരുമകൾ അനില.

Advertisement
Advertisement