കേരളത്തിൽ ചിങ്ങം പിറന്നത് ആഘോഷമാകുന്നത് തമിഴ്‌നാട്ടുകാർക്ക്,​ ആശങ്ക ഒറ്റക്കാര്യത്തിൽ മാത്രം

Saturday 17 August 2024 2:43 AM IST

നാഗർകോവിൽ: ചിങ്ങം പിറന്നതോടെ ദക്ഷിണ മേഖലയിലെ ഏറ്റവും വലിയ പൂ വിപണിയായ തോവാള ഗ്രാമം ഉത്സവലഹരിയിലേക്ക്. ചിങ്ങത്തിന്റെ തുടക്കം മുതൽ ഓണക്കാലം അവസാനിക്കുന്നതുവരെ വിവിധയിനം പൂക്കൾ കൊണ്ട് തോവാള നിറയും. സേലം, തിണ്ടുകൽ, ബംഗളൂരു, ഊട്ടി, കൊടൈക്കനാൽ, സത്യമംഗലം എന്ന സ്ഥലങ്ങളിൽ നിന്നാണ് തോവാളയിലേക്ക് പൂക്കളെത്തുന്നത്. പുലർച്ചെ നാലിന് മുമ്പേ മാർക്കറ്റിൽ മുല്ല, ജമന്തി,പിച്ചി,വാടാമുല്ല, റോസാ, താമര തുടങ്ങിയ പൂക്കളെത്തും. കേരളത്തിൽ നിന്നെത്തുന്ന പൂക്കച്ചവടക്കാർ കൂടുതൽ വില കൊടുത്താണ് ഇവിടെ നിന്ന് പൂക്കൾ വാങ്ങുന്നത്. പൂവാങ്ങാൻ ഇത്തവണയും മലയാളികൾ എത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

3000 കർഷകർ തോവാള ഗ്രാമത്തിൽ പൂക്കൃഷി ചെയ്യുന്നത് മൂവായിരത്തോളം കർഷകരാണ്. 1500 കുടുംബങ്ങളാണ് തോവാളയിലെ പൂക്കൃഷിയുമായി ബന്ധപ്പെട്ട് കഴിയുന്നത്. മുൻകാലങ്ങളിൽ എട്ടു മുതൽ 10 ടൺ വരെയാണ് പൂക്കച്ചവടം നടന്നിരുന്നത്. എന്നാൽ ചിങ്ങ മാസത്തിൽ തോവാളയിൽ 20 മുതൽ 30 ടൺ വരെ കച്ചവടം നടക്കും.

 ആശങ്കയിൽ കച്ചവടക്കാർ വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്ന് സർക്കാർ ഓണാഘോഷം ഉപേക്ഷിച്ചതിനാൽ കച്ചവടക്കാർക്ക് ആശങ്കയുമുണ്ട്. 2018ൽ പ്രളയത്തെ തുടർന്ന് ഓണാഘോഷം വേണ്ടെന്ന് വച്ചത് തോവാളയിലെ പൂക്കച്ചവടക്കാർക്ക് തിരിച്ചടിയായിരുന്നു. ഇത് ആവർത്തിക്കുമോയെന്ന ആശങ്കയുമുണ്ട്. സ്കൂളുകളിലും കോളേജുകളിലും മാത്രമല്ല വിവിധ യുവജന സംഘടനകളും പൂക്കൾ വാങ്ങാനെത്തുമെന്നാണ് പ്രതീക്ഷ. കന്യാകുമാരി മുതൽ തൃശൂർ വരെ തോവാളയിൽ നിന്നാണ് പൂക്കൾ എത്തുന്നത്.

തോവാളയിലെ ഇന്നലത്തെ പൂവില കിലോയ്ക്ക് (രൂപയിൽ)​

മഞ്ഞജമന്തി - 80

ഓറഞ്ച്‌ജമന്തി - 80

മുല്ല - 800

പിച്ചി - 300

വാടാമുല്ല - 70

അരളി - 150

പനിനീർപ്പൂവ് - 300

താമരപ്പൂവ് - 5 രൂപ (ഒരെണ്ണം)​