10 സ്കൂളുകളിൽ പ്രിസം പദ്ധതി നടപ്പാക്കൽ സർക്കാർ ഒപ്പമുണ്ട്: മന്ത്രി ശിവൻകുട്ടി

Sunday 18 August 2024 12:36 AM IST

കോഴിക്കോട്: നോർത്ത് നിയമസഭ മണ്ഡലത്തിലെ 10 സ്കൂളുകളിൽ പ്രിസം (പ്രൊമോട്ടിംഗ് റീജിയണൽ സ്‌കൂൾസ് ടു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ത്രു മൾട്ടിപ്പിൾ ഇന്റർവെൻഷൻസ്) പദ്ധതി
നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പദ്ധതി നടപ്പാക്കുന്നതിൽ സർക്കാർ കൂടെയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ പദ്ധതികളിലൂടെ അക്കാഡമിക മികവ് പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും മുന്നേറണം. സംസ്ഥാന സർക്കാർ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന നൂതന പദ്ധതികൾ കൂടി ചേരുന്നതോടെ സമഗ്ര പുരോഗതി കൈവരിക്കാനാകും.

ജി.വി.എച്ച്.എസ്.എസ് നടക്കാവ്, ജി.എച്ച്.എസ്.എസ് കാരപ്പറമ്പ്, എച്ച്.എസ്.എസ് ഈസ്റ്റ്ഹിൽ, ജി.എച്ച്.എസ്.എസ് എൻ.ജി.ഒ ക്വാർട്ടേഴ്സ്, ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളേജ് ക്യാമ്പസ്, ഗവ. യു.പി മലാപറമ്പ്, ഗവ. മാപ്പിള യു.പി പുതിയങ്ങാടി, ഗവ. എൽ.പി ചെലവൂർ, ഗവ. എൽ.പി പുതിയങ്ങാടി, ഗവ. എൽ.പി വരദൂർ എന്നീ സ്കൂളുകളിൽ ആണ് പ്രിസം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ വിശദ രൂപരേഖ യോഗത്തിൽ മുൻ എം.എൽ.എ എ.പ്രദീപ് കുമാർ അവതരിപ്പിച്ചു. അക്കാഡമികവും അക്കാഡമികേതരവുമായ നേട്ടങ്ങളാണ് സ്‌കൂളുകളെ മികവിന്റെ പാതയിലേക്ക് ഉയർത്തുന്നതെന്നും നടക്കാവ് സ്കൂൾ കൈവരിച്ച അന്താരാഷ്ട്ര പദവി പ്രിസം പദ്ധതിയുടെ മേന്മയാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്‌, 10 സ്കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാനാദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement