ആശ്വാസവുമായി മമ്മൂട്ടി, കണ്ണുനിറഞ്ഞ് നൗഫൽ
മേപ്പാടി: ഉരുൾ ദുരന്തത്തിൽ ഭാര്യയും മക്കളും മാതാപിതാക്കളും ഉൾപ്പെടെ 11പേരെ നഷ്ടപ്പെട്ട ചൂരൽമല സ്വദേശി നൗഫലിന് സാന്ത്വനവുമായി നടൻ മമ്മൂട്ടി. കൂടെയുണ്ടാകുമെന്നും ധൈര്യമായിരിക്കണമെന്നും നൗഫലിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി പറഞ്ഞു. 'നന്ദിയുണ്ട് സർ"- നിറകണ്ണുകളോടെ നൗഫൽ പറഞ്ഞു.
നടൻ ടിനിടോമാണ് നൗഫലിന്റെ ദുരവസ്ഥ മമ്മൂട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ദുരന്തം നടക്കുമ്പോൾ നൗഫൽ ഗൾഫിലായിരുന്നു. വാർത്ത കേട്ട ഉടൻ ഭാര്യയെയും കുട്ടികളെയും വിളിച്ചു. കിട്ടാതായതോടെ അപകടം സംഭവിച്ചെന്ന് ഉറപ്പായി. ഉടൻ നാട്ടിലേക്ക് തിരിച്ചു. ദുരിതാശ്വാസ ക്യാമ്പിലെത്തി അന്വേഷിച്ചപ്പോഴാണ് കുടുംബത്തിലെ എല്ലാവരും പോയെന്ന് അറിയുന്നത്. നൗഫൽ ഗൾഫിലേക്ക് മടങ്ങുമ്പോൾ മകൻ പെട്ടിയിൽ എഴുതി സൂക്ഷിച്ച കുറിപ്പ് ഏവരെയും നൊമ്പരപ്പെടുത്തി. 'ഉപ്പ എന്റെ ഹീറോ ആണ്. നിങ്ങളെപ്പോലെയൊരു പിതാവിനെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം' എന്നായിരുന്നു കുറിപ്പ്. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ് നൗഫൽ.