'അഞ്ചുലക്ഷവും വീടും വേണമെന്ന് ഭീഷണിപ്പെടുത്തി'; ജസ്‌ന തിരോധാനക്കേസിൽ വെളിപ്പെടുത്തലുമായി ലോഡ്‌ജ് ഉടമ

Sunday 18 August 2024 2:26 PM IST

തിരുവനന്തപുരം: ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ പ്രതികരണവുമായി മുണ്ടക്കയത്തെ ലോഡ്‌ജ് ഉടമ ബിജു സേവ്യർ. കാണാതാവുന്നതിന് ദിവസങ്ങൾക്കുമുമ്പ് ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടിരുന്നുവെന്ന് ലോഡ്ജിലെ മുൻ ജീവനക്കാരി ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ലോഡ്‌ജ് ജീവനക്കാരിക്കെതിരെ പലവിധ കേസുകൾ ഉണ്ടെന്നും അതിന്റെ പ്രതികാരമായാണ് ജസ്‌നയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമെന്നാണ് ബിജു പറയുന്നത്.

'ജാതിപ്പേര് വിളിച്ചെന്നുപറഞ്ഞ് എനിക്കെതിരെ കഴിഞ്ഞദിവസം കേസ് കൊടുത്തിരുന്നു. അത് ജാമ്യമില്ലാ കേസാണ്. അത് പിൻവലിക്കണമെങ്കിൽ അഞ്ചുലക്ഷം രൂപയും വീടും നൽകണമെന്ന് പറഞ്ഞു. ഒരു വിവരാവകാശ പ്രവർത്തകനാണ് ഇതിന് പിന്നിൽ. അതിന്റെ വൈരാഗ്യമാണ് വെളിപ്പെടുത്തലിന് പിന്നിൽ. കൊലക്കേസ് പ്രതിയാണെന്നുവരെ എന്നെക്കുറിച്ച് കോടതിയിൽ പറഞ്ഞു. കോടതി അത് പരിശോധിച്ചാണ് എനിക്ക് ജാമ്യം നൽകിയത്. അവർ ഉദ്ദേശിച്ചത് നടക്കാത്തതുകൊണ്ട് എന്നെ ലക്ഷ്യംവച്ച് നടത്തിയ വെളിപ്പെടുത്തലാണിത്.

ഏത് അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. ലോഡ്‌ജിൽ സിസിടിവി വച്ചിട്ടില്ല. ആകെ എട്ട് മുറികളേ ഉള്ളൂ. 102 എന്ന് മുറിക്ക് നമ്പർ നൽകിയിരിക്കുന്നതാണ്. ജസ്‌ന എന്നൊരാൾ ഇവിടെ വന്നിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്റെ ഫോൺകോളുകളും പരിശോധിച്ചു. ജീവനക്കാരിയുടെ വെളിപ്പെടുത്തൽ വ്യക്തിവൈരാഗ്യം മാത്രമാണ്. അഞ്ചുലക്ഷവും വീടും നൽകിയില്ലെങ്കിൽ എന്റെ ലോഡ്‌ജും പൂട്ടിച്ച് എന്നെ തീർക്കുമെന്നാണ് പറഞ്ഞത്. അതിന്റെ രേഖകൾ കൈവശമുണ്ട്.

ജീവനക്കാരിയുടെ പെരുമാറ്റം ശരിയല്ലാത്തതിനാൽ ലോഡ്‌ജിൽ നിന്നിറക്കി വിട്ടതിന്റെ പ്രതികാരമാണ്. ലോഡ്‌ജിൽ എത്തുന്നവരിൽ നിന്ന് പൈസ വാങ്ങുകയും മറ്റും അവർ ചെയ്തിരുന്നു. ഗുണ്ടായിസം രീതിയായിരുന്നു. ജീവനക്കാരിയെയും ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. ജസ്‌ന വന്നിരുന്ന കാര്യം ആരോടും പറയരുതെന്ന് ഞാൻ ഭീഷണിപ്പെടുത്തിയിട്ടില്ല. അത് കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണ്'- ലോ‌ഡ്‌ജ് ഉടമ വ്യക്തമാക്കി.

പത്രത്തിലെ പടം കണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞതെന്നായിരുന്നു ലോഡ്‌ജിലെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. 'രാവിലെ പതിനൊന്നരയോടെയാണ് പെൺകുട്ടിയെ കാണുന്നത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു. തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു ധരിച്ചിരുന്നത്. ടെസ്​റ്റ് എഴുതാൻ പോകുവാണെന്നും കൂട്ടുകാരൻ വരാനുണ്ടെന്നും അതിനാലാണ് അവിടെ നിൽക്കുന്നതെന്നുമാണ് പെൺകുട്ടി പറഞ്ഞത്. ഉച്ചയോടെ അജ്ഞാതനായ ഒരുയുവാവ് വന്ന് മുറിയെടുത്തു. രണ്ട് പേരും നാലുമണി കഴിഞ്ഞാണ് ഇറങ്ങിപോകുന്നത്. 102ാം നമ്പർ മുറിയാണെടുത്തത്. വെളുത്തുമെലിഞ്ഞ രൂപമായിരുന്നു യുവാവിനും' -എന്നാണ് മുൻ ജീവനക്കാരി പറഞ്ഞത്. സിബിഐ തന്നോട് ഇതുവരെ ഇതിനെക്കുറിച്ചൊന്നും ചോദിച്ചിട്ടില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

Advertisement
Advertisement