'സർക്കാർ ആശുപത്രികൾ സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങൾ'; വനിതാ ഡോക്‌ടർമാർ നേരിടുന്ന പ്രതിസന്ധികൾ വിവരിച്ച് ഡോക്‌ടർ എസ് എസ് ലാൽ

Sunday 18 August 2024 5:51 PM IST

കൊൽക്കത്തയിലെ പിജി ഡോക്‌ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഡോക്‌ടർ എസ് എസ് ലാൽ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു. ആശുപത്രി സുരക്ഷ അതീവ ദുർബലമാണ് നമ്മുടെ നാട്ടിൽ. ആശുപത്രികളെ പത്യേക സുരക്ഷാ പ്രദേശങ്ങളായി മാറ്റുന്ന ശക്തമായ നിയമങ്ങൾ ഉണ്ടാകണം. അവ നടപ്പാക്കാനുള്ള സംവിധാനങ്ങളും ശക്തിപ്പെടണമെന്നും കുറിപ്പിൽ ഡോക്‌ടർ എസ് എസ് ലാൽ ആവശ്യപ്പെട്ടു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ ഒരു വനിത ഡോക്ടർക്കൊപ്പം ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്തു. പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘടനയുടെ നേതാവാണ് വനിത ഡോക്ടർ. കൃത്യമായ രാഷ്ട്രീയ ബോധവും നല്ല ഭാഷയും വ്യക്തമായ കാഴ്ചപ്പാടുമൊക്കെയുള്ള ഡോക്ടർ. ആ ഡോക്ടർ പറഞ്ഞ ചില വരികൾ എനിക്കും അറിയാവുന്ന കാര്യങ്ങളാണെങ്കിലും വർത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും കേട്ടപ്പോൾ വലിയ വിഷമമുണ്ടായി. അവർ പറഞ്ഞ കാര്യങ്ങളുടെ രത്നച്ചുരുക്കം പറയാം.

ബിരുദാനന്തര പഠനം നടത്തുന്ന ഡോക്ടർമാർ ഒരു ദിവസത്തിന്റെ കൂടുതൽ സമയവും ചെലവഴിക്കുന്നത് ആശുപത്രിയിലാണ്. കുറച്ച് മണിക്കുറുകൾ മാത്രമാണ് വീട്ടിൽ പോകാനും വ്യക്തിപരമായ കാര്യങ്ങൾക്കും ബാക്കിയുള്ളത്. ഈ സമ്മർദ്ദങ്ങൾക്കിടയിൽ പണിയെടുക്കുന്ന വനിത ഡോക്ടർമാർക്ക്, പ്രത്യേകിച്ച് സർക്കാരാശുപത്രികൾ, തീരെ സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങളാണ്. വനിത ഡോക്ടർമാർക്ക് ഡ്യൂട്ടിക്ക് ശേഷം കിടന്നുറങ്ങാൻ പാകത്തിന് മുറികൾ പല ആശുപത്രികളിലും ഇല്ല. ഉള്ള മുറികൾ പലപ്പോഴും അടയ്ക്കാൻ ഉറപ്പുള്ള കതകില്ലാത്തവ. കതകുണ്ടെങ്കിൽ പൂട്ടാൻ കഴിയില്ല.

രാത്രി ഒരു പത്ത് മണിയൊക്കെ കഴിഞ്ഞ് ആശുപത്രികളിൽ എത്തുന്ന പല പുരുഷ രോഗികളും മദ്യപിച്ചവരാണ്. പല ചെറുപ്പക്കാരും മയക്കുമരുന്നുകളുടെ സ്വാധീനത്തിലാണ്. ഇവരെയൊക്കെ കൂടാതെ ക്രിമിനൽ വാസനയുള്ളവരും ആശുപത്രികളിൽ വരും. രോഗിയായി വരുന്നയാളുടെ പശ്ചാത്തലവും സ്വഭാവവുമൊന്നും നോക്കാതെ, അവർ കഴിച്ച മദ്യത്തിന്റെയും വലിച്ച പുകയുടെയും ഗന്ധം സഹിച്ച്, ചികിത്സിക്കാൻ ബാദ്ധ്യസ്ഥരാണ് ഡോക്ടർമാർ. പലപ്പോഴും ഡ്യൂട്ടിക്ക് ഒരു വനിതാ ഡോക്ടർ ഒറ്റയ്ക്കായിരിക്കും. ആവശ്യത്തിന് സുരക്ഷാ സ്റ്റാഫോ സംവിധാനങ്ങളോ ഉണ്ടാകില്ല. ഭയത്തോടെയാണ് ഓരോ നിമിഷവും അവർ ആശുപത്രിയിൽ പണിയെടുക്കുന്നത്. ആസന്നമായ ഏതോ ആക്രമണത്തെ ഭയന്ന്. മരണത്തെ ഭയന്ന്.

ചർച്ചയിൽ പങ്കെടുത്ത വനിത ഡോക്ടറുടെ മുഖത്ത് ഭയത്തിന്റെ നിഴൽ കാണാമായിരുന്നു. നമ്മുടെ മകളോ സഹോദരിയോ ഭാര്യയോ അമ്മയോ അത്തരം സാഹചര്യത്തിൽ ദിവസവും ജോലി ചെയ്യുന്നതിനെപ്പറ്റി ഓർക്കുമ്പോഴാണ് ആ ഭയം നമ്മുടെ മനസിലേയ്ക്കും പടരുന്നത്. രാജ്യത്തിന്റെ പുരോഗതിയുടെയും വികസനത്തിന്റെയുമൊക്കെ കാര്യത്തിൽ അഭിമാനിക്കുന്ന നമുക്ക് ഇക്കാര്യത്തിൽ തീർത്തും ലജ്ജിക്കേണ്ടി വരും. തലകുനിക്കേണ്ടി വരും.

എത് സമൂഹത്തിലും ഒരു ചെറിയ ശതമാനം മനുഷ്യർ സമൂഹവിരുദ്ധരും ക്രിമിനൽ വാസനയുള്ളവരുമൊക്കെ ആയിരിക്കും. എളുപ്പമുള്ള സ്ഥലത്ത് അവർ അക്രമം നടത്തും. ആശുപത്രകൾ അത്തരം സ്ഥലങ്ങളാണ്. അവർ കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കണമെങ്കിൽ ആ നാട്ടിൽ ശക്തമായ നിയമങ്ങളും അവയുടെ കൃത്യമായ നടത്തിപ്പും വേണം. നമ്മുടെ നാട്ടിൽ ഇവ ദുർബലമാണ്.

ക്രിമിനലുകൾക്ക് രാഷ്ട്രീയപ്പാർട്ടികൾ സംരക്ഷണം നൽകുന്നതിന്റെ പ്രശ്നമുണ്ട്. രാഷ്ടീയ നേതാക്കൾക്കിടയിൽത്തന്നെ ക്രിമിനലുകൾ ഉണ്ടെന്നത് മറ്റൊരു കാര്യം. ഇതൊക്കെച്ചേർന്ന് അനുദിനം വഷളാക്കുന്ന അന്തരീക്ഷത്തിലാണ് ഡോക്ടർമാരും പെട്ടുപോകുന്നത്. മറ്റ് തൊഴിൽ മേഖലകളിലും പ്രശ്നങ്ങളുണ്ട്. എന്നാൽ ആശുപത്രികളിലാണ് ആക്രമണങ്ങൾ കൂടുതലുണ്ടാകുന്നത്. ആക്രമിക്കാനുള്ള സൗകര്യം തന്നെ കാരണം.

ആശുപത്രി സുരക്ഷ അതീവ ദുർബലമാണ് നമ്മുടെ നാട്ടിൽ. അതേസമയം ഡോക്ടർമാർക്കിടയിലെ സ്ത്രീകളുടെ അനുപാതം കൂടി വരികയാണ്. പല മെഡിക്കൽ കോളേജുകളിലും വിദ്യാർത്ഥികളിൽ എഴുപത് ശതമാനമൊക്കെ പെൺകുട്ടികളാണ്. അതായത്, നാളത്തെ ഡോക്ടർമാരിൽ ഭൂരിഭാഗവും സ്ത്രീകളായിരിക്കുമെന്ന് ഇപ്പോഴേ നമുക്കറിയാം. ആക്രമണ ഭയം കാരണം ഭാവിയിൽ ഈ തൊഴിൽ ഉപേക്ഷിച്ചു പോകുന്നവർ സ്ത്രീകളായിരിക്കും. ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിലൊക്കെ സേവനം ചെയ്യാൻ നാളെ ആളില്ലാതെ വരും.

ആശുപത്രികളെ പത്യേക സുരക്ഷാ പ്രദേശങ്ങളായി മാറ്റുന്ന ശക്തമായ നിയമങ്ങൾ ഉണ്ടാകണം. അവ നടപ്പാക്കാനുള്ള സംവിധാനങ്ങളും ശക്തിപ്പെടണം. കേരളത്തിൽ നിയമം വരാൻ ഒരു ഡോക്ടർ വന്ദനയുടെ ജീവൻ വേണ്ടി വന്നു. രാജ്യത്തിന് മുഴുവൻ നാണക്കേടുണ്ടാക്കിയ, നാട്ടിലെ മുഴുവൻ സ്ത്രീകളെയും ഭയചകിതരാക്കിയ, കൊൽക്കത്തയിലെ കൊലപാതകം മറ്റൊരിടത്ത് ആവർത്തിക്കപ്പെടരുത്. ആശുപത്രി സുരക്ഷയ്ക്കായി സമഗ്ര നിയമങ്ങൾ അടിയന്തിരമായി ഉണ്ടാകണം.

ഡോ: എസ്.എസ്. ലാൽ

Advertisement
Advertisement