റിലയൻസ് ഓഹരികൾ വാങ്ങാൻ ആമസോണിന് മോഹം

Saturday 03 August 2019 6:50 AM IST

മുംബയ്: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസിന് കീഴിലുള്ള റീട്ടെയിൽ വിഭാഗത്തിന്റെ 26 ശതമാനം സ്വന്തമാക്കാൻ ആമസോൺ മേധാവി ജെഫ് ബെസോസിന് മോഹം. ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ഭീമനായ വാൾമാർട്ട്, അടുത്തിടെ ആമസോണിന്റെ ഇന്ത്യയിൽ ബദ്ധ എതിരാളികളായ ഫ്ളിപ്‌കാർട്ടിൽ 1,600 കോടി ഡോളർ നിക്ഷേപം നടത്തിയിരുന്നു. ഫ്ളിപ്‌കാർട്ടിലൂടെ വാൾമാർട്ട് ഉയർത്തുന്ന വെല്ലുവിളി നേരിടുക കൂടിയാണ് റിലയൻസ് റീട്ടെയിൽ ഓഹരികൾ വാങ്ങുന്നതിലൂടെ ആമസോൺ ഉദ്ദേശിക്കുന്നത്.

അതേസമയം, ഓഹരി വില്‌പന നീക്കം ആമസോണോ റിലയൻസോ സ്ഥിരീകരിച്ചിട്ടില്ല. ഓഹരി വില്‌പന നടന്നാൽ ആമസോണിന്റെ ഓൺലൈൻ സാന്നിദ്ധ്യവും സാങ്കേതിക മികവും പ്രയോജനപ്പെടുത്താനാകും എന്നാണ് റിലയൻസിന്റെ വിലയിരുത്തൽ. റിലയൻസ് ജിയോയിലൂടെ ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കാമെന്ന് ആമസോണും കണക്കുകൂട്ടുന്നു. അംബാനി കുടുംബത്തിന് ഇന്ത്യൻ ഭരണകൂടവുമായി മികച്ച ബന്ധമാണെന്നത്, രാഷ്‌ട്രീയപരമായ നേട്ടവും നൽകുമെന്നാണ് ആമസോണിന്റെ വിലയിരുത്തൽ.

അടുത്തിടെ ഇന്ത്യൻ ഇ-കൊമേഴ്‌സ് മേഖലയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) ചട്ടങ്ങൾ മോദി സർക്കാർ കൂടുതൽ കർക്കശമാക്കിയത് ആമസോണിനും ഫ്ളിപ്‌കാർട്ടിനും തിരിച്ചടിയായിരുന്നു.