ഇന്ന് ബാങ്കേഴ്സ് സമിതിയോഗം; വായ്പ എഴുതിതള്ളാൻ മറ്റുമാർഗം തേടേണ്ടിവരും, വയനാട്ടിലെ വായ്പക്കാർക്ക് മോറട്ടോറിയവും തി​രി​ച്ചടവിൽ ഇളവുകളും പ്രഖ്യാപിക്കും

Monday 19 August 2024 1:06 AM IST

കൊച്ചി: വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാൻ സംസ്ഥാന സർക്കാരിന് മറ്റു മാർഗങ്ങൾ തേടേണ്ടിവരും. വായ്പകളുടെ മോറട്ടോറിയത്തിലും തിരിച്ചടവ് ക്രമീകരിക്കുന്നതിലും തീരുമാനമെടുക്കാനും റിസർവ് ബാങ്ക്

അനുമതി നൽകിയ സാഹചര്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകും. പക്ഷേ, വായ്പ എഴുതിത്തള്ളണമെങ്കിൽ റിസർവ് ബാങ്ക് അനുമതി​ അനിവാര്യമാണ്. ദുരന്തത്തി​ൽ മരി​ച്ചവരുടെ വായ്പകൾ എഴുതി​ത്തള്ളണമെന്നും മറ്റുള്ളവരുടേതി​ന് മോറട്ടോറി​യം വേണമെന്നും തിരിച്ചടവിൽ ഉൾപ്പെടെ മാനുഷികപരിഗണന നൽകണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.

വായ്പ എഴുത്തിത്തള്ളാനും ഇളവു നൽകാനും കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെയോ ആർ.ബി.ഐയുടെയോ നിർദ്ദേശപ്രകാരമല്ലാതെ ദേശസാത്കൃത, ഷെഡ്യൂൾഡ്, നോൺ ഷെഡ്യൂൾഡ് ബാങ്കുകൾക്ക് ഒന്നും ചെയ്യാനാവില്ല. തിരിച്ചടവ് മുടങ്ങിയാൽ ബന്ധപ്പെട്ട ബാങ്കും ഇടപാടുകാരനും തമ്മിൽ ധാരണയിലെത്തിയാൽ ഇളവ് കിട്ടാൻ വ്യവസ്ഥയുണ്ടെന്ന് മാത്രം.

സംസ്ഥാനത്തെ സഹകരണ സൊസൈറ്റികൾ ഒഴികെയുള്ള ബാങ്കുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്നതാണ് ബാങ്കിംഗ് സമിതി. അർബൻ ബാങ്കുകൾ ഒഴികെയുള്ള സഹകരണ ബാങ്കുകളും മറ്റുമാണ് സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നത്. ദുരിതബാധിതരുടെ വായ്പാബാദ്ധ്യതകൾ എഴുതിത്തള്ളുമെന്ന് കേരളബാങ്ക് പ്രഖ്യാപിച്ചിരുന്നു.

സർഫാസി നിയമം:
സർക്കാരിന് പരിമിതി

ഇന്ത്യൻ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും വായ്പാ കുടിശിക വരുത്തുന്നവരുടെ സ്വത്ത് കോടതി ഇടപെടൽ കൂടാതെതന്നെ വിൽക്കാനോ ലേലം ചെയ്യാനോ അനുമതി നൽകുന്ന സർഫാസി നിയമം കേന്ദ്രത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങുന്നതിനാൽ സംസ്ഥാന സർക്കാരിന് മറികടക്കാനാവില്ല.
അതേസമയം, ഏതു ബാങ്കായാലും കാർഷിക വായ്പ, സർക്കാർ സ്‌കീം പ്രകാരം നൽകുന്ന വായ്പകൾ തുടങ്ങിയവയിൽ കുടിശിക വന്നാൽ റവന്യൂ റിക്കവറി നിയമ പ്രകാരം സ്വത്ത് ഏറ്റെടുക്കാൻ ജില്ലാ കളക്ടർക്കുള്ള അധികാരം മരവിപ്പിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും.

വായ്പ എഴുതി​ത്തള്ളാൻ

കേന്ദ്രത്തെ നിർബന്ധിക്കണം

1. റി​സർവ് ബാങ്കി​ലും കേന്ദ്രസർക്കാരി​ലും രാഷ്ട്രീയമായും അല്ലാതെയും സമ്മർദം ചെലുത്തണം.

2. ബാങ്കേഴ്‌സ് സമിതിയി​ലെ തീരുമാനങ്ങൾ/ശുപാർശകൾ കേന്ദ്രത്തെക്കൊണ്ട് അംഗീകരി​പ്പി​ക്കണം.

3. വായ്പാ കുടിശികയുടെ തിരിച്ചടവ് ഉൾപ്പടെയുള്ള ബാദ്ധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കണം.

`വായ്പകളിൽ ഇളവുനൽകുന്നതും എഴുതിത്തള്ളുന്നതും സംബന്ധിച്ച കേസുകളിൽ സ്വമേധയാ തീരുമാനമെടുക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി പലവട്ടം വിധിച്ചിട്ടുണ്ട്.'

-അഡ്വ. ഷാജി ചിറയത്ത്

Advertisement
Advertisement