ഗുരുദേവ ജയന്തി: നാളെ ലോകമെങ്ങും ശാന്തി ഘോഷയാത്ര

Monday 19 August 2024 2:29 AM IST

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 170-ാമത് തിരുജയന്തിക്ക് ആർഭാടത്തോടെയുള്ള ഘോഷയാത്ര ഒഴിവാക്കി ഭക്തിനിർഭരമായ നാമ സങ്കീർത്തന ശാന്തി ഘോഷയാത്ര ലോകമെങ്ങും നാളെ നടക്കും. വയനാട്ടിലെ മഹാദുരന്ത പശ്ചാത്തലത്തിലാണിത്. ചതയപൂജ, പ്രാർത്ഥന, ജയന്തി സമ്മേളനം, അന്നദാനം എന്നിവയെത്തുടർന്ന് ഗുരുദേവനാമം ഉരുവിട്ടുള്ള നാമ സങ്കീർത്തനയാത്ര നടക്കും.ഘോഷയാത്ര ആർഭാട രഹിതമായിരിക്കും. സായാഹ്നത്തിൽ വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്കായി ശാന്തിദീപം (ചതയദീപം) തെളിച്ചു പ്രാർത്ഥിക്കും.

പുലർച്ചെ 6 മുതൽ 6.30 വരെ തിരുഅവതാര മുഹൂർത്ത പ്രാർത്ഥന ശിവഗിരി മഹാസമാധി സന്നിധിയിൽ . 7ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 7.30 ന് ജപയജ്ഞത്തിന് സ്വാമി പരാനന്ദ ദീപം തെളിക്കും. 9.30 ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തിരുജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അടൂർ പ്രകാശ് എം.പി, വി. ജോയി എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, എന്നിവർ സംസാരിക്കും. സ്വാമി സച്ചിദാനന്ദ രചിച്ച ശ്രീനാരായണ പ്രസ്ഥാനം ഒരു ചരിത്രാവലോകനം എന്ന പുസ്തകം കേന്ദ്ര മന്ത്രി സുരേഷ്ഗോപി അടൂർ പ്രകാശ് എം.പിക്ക് നല്‍കി പ്രകാശനം ചെയ്യും. ജപയജ്ഞം ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. ജയന്തി ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ആഘോഷക്കമ്മിറ്റി ചെയർമാൻ കെ. ജി. ബാബുരാജൻ, ഗുരുധർമ്മ പ്രചരണസഭാ ഉപദേശകസമിതി ചെയർമാൻ വി.കെ. മുഹമ്മദ് ഭിലായ്, സഭാ രജിസ്ട്രാർ കെ.ടി. സുകുമാരൻ എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം, അമ്പലത്തറ രാജൻ (സേവനം യു.എ.ഇ), മുൻ മുനിസിപ്പൽ ചെയർമാൻ സൂര്യപ്രകാശ്, വാർഡ് കൗൺസിലർ രാഖി എന്നിവർ സംസാരിക്കും.
അന്ന് പുലർച്ചെ 4.30ന് പർണശാലയിൽ ശാന്തിഹവനം, 5.10ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ, 6 ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ, ചതയപൂജ, തിരുഅവതാര മുഹൂർത്ത പ്രാർത്ഥന . വൈകിട്ട് 5.30ന് മഹാസമാധിയിൽ നിന്നും നാമസങ്കീർത്തന ഘോഷയാത്ര തിരിച്ച് ശിവഗിരി സ്കൂൾ, എസ്.എൻ കോളേജ്, നാരായണ ഗുരുകുലം ജംഗ്ഷനിലൂടെ മഹാസമാധിയിൽ തിരിച്ചെത്തും. ഫ്ളോട്ടുകളും മറ്റും ഒഴിവാക്കിയിട്ടുണ്ട്. ഭക്തജനങ്ങൾ പ്രാർത്ഥനകൾ ഉരുവിട്ട് ഘോഷയാത്രയിൽ അണിചേരും. ശിവഗിരിക്കുന്നുകളിലും ശാരദാമഠം, വൈദികമഠം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം മഹാസമാധി എന്നിവിടങ്ങളിലും ശാന്തി ദീപം തെളിക്കും.

Advertisement
Advertisement