ഈശ്വർ  മാൽപേ  ഇന്ന് കോഴിക്കോട് എത്തും; അർജുന്റെ കുടുംബവുമായി കൂടിക്കാഴ്ച

Monday 19 August 2024 7:14 AM IST

കോഴിക്കോട്: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തെ കാണാൻ ഇന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ എത്തും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിന്റെ ആവശ്യപ്രകാരം അർജുന് വേണ്ടി പല തവണ ഗംഗാവലി പുഴയിൽ ഇറങ്ങി ഈശ്വർ മാൽപേ തെരച്ചിൽ നടത്തിയിരുന്നു. ലോറിയുടെ ഹൈഡ്രോളിക് ജാക്കി, കയർ എന്നിവ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചന ഒന്നും ലഭിച്ചിരുന്നില്ല.

തെരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈശ്വർ മാൽപേ അർജുന്റെ കുടുംബത്തെ കാണാൻ എത്തുന്നത്. ഗോവയിൽ നിന്ന് ഡ്രെഡ്ജ‌ർ കൊണ്ട് വരാതെ തെരച്ചിൽ സാദ്ധ്യമാകില്ലെന്നാണ് വിലയിരുത്തൽ. നദിയുടെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മണ്ണാണ് തെരച്ചിലിന് പ്രധാന തടസം നിൽക്കുന്നത്. ‌ ഡ്രെഡ്ജർ കൊണ്ട് വരുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. ഡ്രെഡ്ജർ എത്തിക്കാൻ ഒരു കോടി രൂപയോളം ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

കഴിഞ്ഞ മാസം 16ന് ആണ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുനെ കർണാടകയിലെ മണ്ണിടിച്ചിൽ കാണാതായത്. അർജുന് പുറമെ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ് എന്നിവരെയും കണ്ടെത്താനുണ്ട്. ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് 13ന് ആണ് വീണ്ടും ഈശ്വർ മാൽപേ പുഴയിലിറങ്ങി പരിശോധന തുടങ്ങിയത്. 16-ാം തീയതി മുതൽ താൽക്കാലികമായി തെരച്ചിൽ നിർത്തിവയ്ക്കാൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു.

Advertisement
Advertisement