ദുരിത ബാധിതരുടെ സഹായധനത്തിൽ നിന്ന്  വായ്‌പ  തിരിച്ചടവ്  പിടിച്ചു; പ്രതിഷേധം ശക്തം

Monday 19 August 2024 10:53 AM IST

കൽപ്പറ്റ: ദുരിത ബാധിതരുടെ സഹായ ധനത്തിൽ നിന്ന് വായ്‌പ തിരിച്ചടവ് പിടിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം. കേരള ഗ്രാമീണ ബാങ്കിലാണ് സംഭവം. യൂത്ത് കോൺഗ്രസും യൂത്ത് ലീഗും ഡി വൈ എഫ് ഐയുമാണ് പ്രതിഷേധിക്കുന്നത്. എത്രപേരുടെ ഇ എം ഐ പിടിച്ചെന്നതിലടക്കം വ്യക്തത വരാനുണ്ട്.

പ്രതിഷേധം രൂക്ഷമായതോടെ സമരക്കാരും കേരള ഗ്രാമീൺ ബാങ്കും തമ്മിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. ബാങ്ക്‌ ജീവനക്കാരും സമരക്കാരും സംയുക്തമായിട്ടായിരിക്കും ഇടപാടുകൾ സംബന്ധിച്ച് കണക്കെടുക്കുകയെന്നാണ് റിപ്പോർട്ട്.

ഈ മാസം ഇ എം ഐ പിടിച്ച എല്ലാ ദുരിതബാധിതർക്കും പണം തിരികെ നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പണം തിരികെ ലഭിച്ച ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളൂവെന്ന നിലപാടിലാണ് പ്രതിഷേധിക്കുന്ന യുവജന സംഘടനകൾ.

ബാങ്കുകളുടേത് കണ്ണിൽ ചോരയില്ലാത്ത നടപടിയാണെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. പ്രതിഷേധമുയർന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദുരിത ബാധിതരുടെ വായ്പ ഇളവിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ബാങ്കേഴ്സ് സമിതി യോഗം ആരംഭിച്ചിട്ടുണ്ട്.

ദുരിത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ആവശ്യപ്പെട്ടു. കേരള ബാങ്കിന്റെ മാതൃക എല്ലാവരും സ്വീകരിക്കണമെന്നും ബാങ്കുകൾക്ക് താങ്ങാവുന്ന തുകയേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഗ്രാമീണ ബാങ്കിന്റെ നടപടിയെ മുഖ്യമന്ത്രി വിമർശിക്കുകയും ചെയ്‌തു.

Advertisement
Advertisement