രഞ്ജിനിയുടെ തടസ ഹർജി ഹൈക്കോടതി തള്ളി; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടേക്കും

Monday 19 August 2024 12:40 PM IST

കൊച്ചി: ചലച്ചിത്ര മേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ കോടതി നിർദേശം നൽകി. നിയമപരമായ നീക്കം തുടരുമെന്ന് രഞ്ജിനി പ്രതികരിച്ചു.

ആഗസ്റ്റ് 17ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനിരിക്കെ തലേ ദിവസമായിരുന്നു രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി കോടതിയെ സമീപിച്ചത്.

ഹേമ കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും,​ മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നുമായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. ഇതോടെ വിധി വന്നശേഷം റിപ്പോർട്ട് പുറത്തുവിടാമെന്ന തീരുമാനത്തിൽ സർക്കാർ എത്തിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും മൊഴി കൊടുത്ത ആളെന്ന നിലയിൽ ഉള്ളടക്കം അറിയാതെ പ്രസിദ്ധീകരിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും നടി പിന്നീട് വ്യക്തമാക്കിയിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട് നിർമാതാവ് സജി മോൻ പാറയിൽ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രമുഖർക്കെതിരെയുള്ള മൊഴികൾ റിപ്പോർട്ടിലുണ്ടെന്നാണ്‌ സൂചന. കണ്ടെത്തലുകളും നിർദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും അനുബന്ധ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് വിവരം.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് അപേക്ഷകരെ അറിയിച്ചിട്ടുണ്ട്. അഞ്ച് മണിക്കകം പുറത്തുവിടുമെന്നാണ് വിവരം.

Advertisement
Advertisement