റിപ്പോർട്ട് പുറത്തുവിടാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കണ്ട, നടിമാരുടെ മൊഴി കേട്ട് ഹേമ കമ്മിഷൻ ഞെട്ടിയോ എന്നറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ

Monday 19 August 2024 7:09 PM IST

തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ വൈകിയത് സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നതിൽ തർക്കമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നടിമാരുടെ മൊഴികൾ കേട്ട് ഹേമ കമ്മിഷൻ ഞെട്ടിയോ എന്നറിയില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ടിന്റെ പൂർണരൂപം വായിച്ചിട്ടില്ല. ശുപാർശ മാത്രമാണ് കണ്ടത് എന്നും മന്ത്രി വ്യക്തമാക്കി. രണ്ടുമാസത്തിനകം സിനിമ കോൺക്ലേവ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സിനിമ. സീരിയൽ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും വിശദമായി ചർച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോൺക്ലേവിൽ കൊണ്ടുവരുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

‌‌ഡബ്ലിയു.സി.സി പോലെയുള്ള സംഘടനകൾ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. താൻ മന്ത്രിയായി മൂന്നര വർഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാട് സുതാര്യമാണ്. സിനിമ- സീരിയൽ രംഗത്ത് ഇടപെടേണ്ടത് അനിവാര്യമായ കാര്യമാണ്. അതിന് മാർഗരേഖ തയ്യാറാക്കുകയാണ് ഇനി ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement