ഓണസദ്യയ്‌ക്ക് കൈ പൊള്ളും

Tuesday 20 August 2024 4:35 AM IST

തിരുവനന്തപുരം: ഓണ വിപണി ലക്ഷ്യമിട്ട് കർഷകർ ഇറക്കിയ വിളകൾ പെരുമഴയിൽ വേരറ്റതോടെ വരവു സാധനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് ആശങ്ക. ഇടുക്കി,എറണാകുളം,തൃശൂർ,വയനാട്,പാലക്കാട് മേഖലകളിൽ നിന്നുള്ള മത്തൻ,​ചേന,പാവയ്‌ക്ക,തക്കാളി,ഏത്തൻ,പാളയംകോടൻ തുടങ്ങിയവയാണ് ഏറെയും നശിച്ചത്.

ഇക്കുറി ആഭ്യന്തര ഉത്പാദനം 15 ലക്ഷം മെട്രിക് ടണ്ണാക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. പക്ഷേ പെരുമഴ പ്രതീക്ഷകൾ തെറ്രിച്ചു. 25 ശതമാനത്തിലേറെ കൃഷി നശിച്ചു. ഇതിനാൽ ഓണത്തിന് 9 ലക്ഷം മെട്രിക് ടൺ പച്ചക്കറി തമിഴ്നാട്,മൈസൂർ മേഖലകളിൽ നിന്നെത്തിക്കണം.

വെള്ളത്തിലായി

പദ്ധതിയും

കൃഷിവകുപ്പ് നടപ്പാക്കിയ ഓണത്തിന് ഒരു മുറം പച്ചക്കറിയേയും കാലവർഷം ചതിച്ചു. 1076 കൃഷിഭവനിലൂടെ സൗജന്യമായി ഓരോ കുടുംബത്തിനും അഞ്ചിനങ്ങളുടെ വിത്തുകൾ നൽകി,സ്വന്തമായി പച്ചക്കറി ഉത്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. എന്നാൽ ഇക്കുറി മിക്കയിടത്തും വിത്ത് മുളപൊട്ടിയെങ്കിലും മഴയെത്തിയതോടെ ഭൂരിഭാഗവും നശിക്കുകയായിരുന്നു.

കൃഷി നശിച്ച പ്രദേശങ്ങളും വിളകളും

ഏത്തൻ - തൃശൂർ,വയനാട്,മലപ്പുറം,കോഴിക്കോട്
മത്തൻ - തൃശൂർ,ആലപ്പുഴ - വെണ്മണി
പടവലം - പാലക്കാട്,കോട്ടയം,തൃശൂർ
പാവൽ,പയർ - ഇടുക്കി
ഇഞ്ചി - വയനാട്,തൃശൂർ
തക്കാളി - കോഴിക്കോട്
കാരറ്റ്,കാബേജ്,ബീൻസ് - മൂന്നാർ

Advertisement
Advertisement