പ്രവാസികൾക്ക് നേട്ടമോ തിരിച്ചടിയോ,​ മുന്നറിയിപ്പുമായി യു എ ഇ സർക്കാർ ,​ ലംഘിച്ചാൽ കനത്ത പിഴ

Monday 19 August 2024 7:55 PM IST

ദുബായ് : യു.എ.ഇയിൽ സന്ദർശക വിസയിൽ എത്തുന്നവർക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി സർക്കാർ. നിയമം ലംഘിച്ച് തൊഴിൽ നൽകുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യിക്കുക,​ സ്ഥിരം ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ജോലി ചെയ്യിക്കുക,​ ജോലി നൽകാതെ യു.എ.ഇയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരിക എന്നീ നിയമലംഘനങ്ങൾക്ക് ഒരു ലക്ഷം ദിർഹം മുതൽ പത്തുലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുക.

നേരത്തെ ഇത്തരം സ്ഥാപനങ്ങൾക്ക് 50000 ദിർഹം മുതൽ രണ്ടുലക്ഷം ദിർഹം വരെയായിരുന്നു പിഴ ചുമത്തിയിരുന്നത്. ചില സ്ഥാപനങ്ങൾ വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ് ജോലി നൽകാമെന്ന് വാഗ്‌ദാനം നൽകും. ഈ കാലയളവിൽ പലർക്കും ജോലി ചെയ്യുന്നതിന് വേതനം പോലും കിട്ടാറില്ല. ഇങ്ങനെ ജോലി ചെയ്യുന്നവരുടെ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമഭേദഗതി.

നേരത്തെ തൊഴിലുമായി ബന്ധപ്പെട്ട വഞ്ചനകൾക്ക് ഒരു ലക്ഷം ദിർഹം മുതൽ ഒരു മില്യൺ ദിർഹംവരെ പിഴ ചുമത്തി യു.എ.ഇ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. യു.എ.ഇ പൗരന് വർക്ക് പെർമിറ്റ് നൽകിയതിനുശേഷം തെറ്റായ ജോലികൾ ചെയ്യിക്കുന്നതും ജോലി നൽകാതിരിക്കുന്നതും പിഴയ്ക്ക് കാരണമാവുമെന്ന് തൊഴിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യു.എ.ഇയിലെ സ്വകാര്യ കമ്പനികൾ തങ്ങളുടെ എമിറാത്തി ജീവനക്കാരുടെ എണ്ണം വൈദഗ്ദ്ധ്യ തൊഴിലുകളിൽ വർദ്ധിപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിന്റെ ഭാഗമായി ചില സ്ഥാപനങ്ങൾ തൊഴിൽ തട്ടിപ്പ് നടത്തുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

Advertisement
Advertisement