2 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കാളികാവ്: പൂങ്ങോട് വിൽപ്പനയ്ക്കായി സൂക്ഷിച്ച 2 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂങ്ങോട് സ്വദേശി ഭഗവതി കളത്തിൽ അഹമ്മദ് ഷഫീഖ് എന്ന ആട് ഷഫീഖിനെയാണ്(31) പൊലീസ് ഇൻസ്പെക്ടർ വി.അനീഷ് അറസ്റ്റു ചെയ്തത്.കാളികാവ് പൊലീസും നിലമ്പൂർ ഡാൻസാഫും ചേർന്ന് പൂങ്ങോട് പ്രതി കുടുംബസമേതം താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്ത്. 500 രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് പ്രതി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസുകളും ലഹരി ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഫണലും കണ്ടെടുത്തു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കും. മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടയാളാണ് പ്രതി.
എസ്.ഐ വി.ശശിധരൻ,എ.എസ്.ഐ പി. ചിത്രലേഖ, സീനിയർ സി.പി.ഒമാരായ റിയാസ് ചീനി, എം.റസീന, ക്ലിന്റ് ജേക്കബ് എന്നിവരും ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്