2000 ഓണച്ചന്തകളുമായി കൃഷിവകുപ്പ്
Tuesday 20 August 2024 1:43 AM IST
തിരുവനന്തപുരം: പൊതുവിപണിയിൽ കാർഷികോത്പന്നങ്ങൾക്ക് വിലവർദ്ധിക്കുന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്തകൾ നടത്തും. ഗ്രാമപഞ്ചായത്ത്,നഗരസഭ,കോർപ്പറേഷൻ പരിധികളിൽ ചുരുങ്ങിയത് ഒരു ഓണവിപണി ഉണ്ടാകും.
1076 എണ്ണം കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വി.എഫ്.പി.സി.കെയും (വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം ) 764 എണ്ണം ഹോർട്ടികോർപ്പുമാണ് നടത്തുന്നത്. സെപ്‌തംബർ 11 മുതൽ 14 വരെയാണ് ഇവ പ്രവർത്തിക്കുക. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10 ശതമാനം അധികവില നൽകി കർഷകരിൽ നിന്ന് നേരിട്ടും സംഭരിക്കും. പൊതുവിപണിയിലെ ചില്ലറവില്പന വിലയേക്കാൾ 30 ശതമാനം വരെ കുറച്ച് ഇവ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.