അടിമപൊലീസിന് കാഫിർ പ്രതികളെ തൊടാൻ പേടി: കെ.മുരളീധരൻ

Tuesday 20 August 2024 3:38 AM IST

വടകര: കാഫിർ പ്രയോഗത്തിൽ ഡി.വൈ.എഫ്.ഐ നേതാക്കൾ പ്രതിസ്ഥാനത്ത് എത്തിയിട്ടും പിടികൂടാത്തത് പൊലീസിന്റെ അടിമ മനോഭാവംകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. കാഫിർ പോസ്റ്റ് വിഷയത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്- ആർ.എം.പി.ഐ നേതൃത്വത്തിൽ നടത്തിയ റൂറൽ എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസത്തെയല്ല, പിണറായിസത്തെ സോപ്പിടുകയാണ് വടകരയിലെ പൊലീസ്. കാഫിർ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ പിടികൂടുംവരെ നിയമപോരാട്ടം തുടരും. അവസാനകളി കളിച്ചിട്ടും ലോക്‌സഭ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് അടിപതറി. ഒന്നരക്കൊല്ലം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വിധിയായിരിക്കും. മുമ്പെങ്ങുമില്ലാത്തവിധം വർഗീയ പ്രചാരണം നടത്തിയാണ് സി.പി.എം ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത്രയും അധഃപതിച്ചൊരുകാലം സി.പി.എമ്മിനുണ്ടായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. മുസ്ലിംലീഗ് നേതാവ് പാറക്കൽ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ, കോട്ടയിൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കോട്ടക്കടവിൽ നിന്ന് ആരംഭിച്ച മാർച്ച് എസ്.പി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. അഡ്വ.ഐ.മൂസ, കുളങ്ങര ചന്ദ്രൻ, എൻ.പി .അബ്ദുല്ല ഹാജി, ഒ.കെ .കുഞ്ഞബ്ദുല്ല, അഫ്‌നാസ് ചോറോട്, സുബിൻ മടപ്പള്ളി, പി.എം വിനു, എ.പി .ഷാജിത്ത്, ഷുഹൈബ് കുന്നത്ത്, പ്രമോദ് കോട്ടപ്പള്ളി, പി. ശ്രീജിത്ത്, ടി.പി .മിനിക, പി.പി. ജാഫർ ഇ.കെ .പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement