പാർട്ടിയിൽ തിരുത്തലിന് സി.പി.എം നേതൃത്വം

Tuesday 20 August 2024 2:39 AM IST

തിരുവനന്തപുരം : 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങൾ അടുത്ത മാസം ആരംഭിക്കാനിരിക്കെ, പല ജില്ലകളിലും തിരുത്തൽ നടപടികളെടുത്ത് സി.പി.എം. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ജില്ലാ തലത്തിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കൂടി പങ്കെടുത്താണ് നടപടികൾ .

തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണി, പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ ശശി എന്നിവർക്കാണ് നിലവിൽ പാർട്ടി നടപടി നേരിടേണ്ടി വന്നത്. പാർട്ടിക്കുള്ളിൽ കടുത്ത ചേരിതിരിവ് നിലനിൽക്കുന്ന ആലപ്പുഴയിലും കണ്ണൂർ, തിരുവനന്തപുരം, തൃശ്ശൂർ,കോഴിക്കോട് തുടങ്ങിയ ജില്ലകളിലും ഇത്തരത്തിൽ നടപടികൾ വന്നേക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ ചേർന്ന അവലോകന യോഗങ്ങളിൽ ചില നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങൾക്കെതിരെയും പാർട്ടി അംഗങ്ങളുടെ പൊതുബന്ധത്തിൽ വന്ന വീഴ്ച്ചക്കെതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിലും കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ചില നേതാക്കളുടെ പങ്കിനെപ്പറ്റി ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. സി.പി.എമ്മിനെതിരെ ഉയർന്ന ആരോപണങ്ങളെ സംസ്ഥാന സെക്രട്ടറി തള്ളിയെങ്കിലും ഇടതുപക്ഷാഭിമുഖ്യമുള്ള സൈബർ

ഗ്രൂപ്പുകൾക്കും ചില ഡി.വൈ.എഫ്.ഐ നേതാക്കൾക്കുമെതിരെ ആരോപണമുയരുന്നുണ്ട്.പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി ചില ജില്ലാ കമ്മിറ്റികളും താഴേത്തട്ടിലും നിർണായക നടപടികൾക്കുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

Advertisement
Advertisement