കേരള സൂപ്പർ ലീഗ്: കണ്ണൂർ വാരിയേഴ്സ് റെഡി
കണ്ണൂർ: കേരള സൂപ്പർ ലീഗിലെ കണ്ണൂർ വാരിയേഴ്സിന്റെ ടീമിനെ കണ്ണൂരിൽ പ്രഖ്യാപിച്ചു. കണ്ണൂർ നായനാർ അക്കാഡമിയിൽ നടന്ന ചടങ്ങിലായിരുന്നു ടീം പ്രഖ്യാപനം നടന്നത്. അഡ്രിയാൻ സാർഡിനേറോ കോർപ്പ, അൽവാരോ അൽവാരെസ് ഫെർണാണ്ടസ്, അസീർ ഗോമസ് അൽവാരെസ്, ഇലോയ് ഒർഡോണെസ് മുനിസ്, ഫ്രാൻസിസ് കോ ഡേവിഡ് ഗ്രാൻഡി സെറാനോ എന്നീ അഞ്ച് സ്പാനിഷ് താരങ്ങളും ഇന്ത്യൻ താരങ്ങളും ഉൾപ്പെടുന്നതാണ് ടീം. ആദിൽ അഹമ്മദ്ഖാൻ, പി.എ. അജ്മൽ, അക്ബർ സിദിഖ്, അലിസ്റ്റർ ആന്റണി, മുൻമുൻ തിമോത്തി, മുഹമ്മദ് അമീൻ, ഹഫീസ് മുഹമ്മദ്, ആൽബിൻ, ഗോകുൽ ഗോപകുമാർ, ലിയകാന്ത്, പി നജീബ്, റിഷാദ് ഗഫൂർ, വികാസ് എന്നിവരാണ് ടീമിലെ മറ്റു കളിക്കാർ. സ്‌പെയിൻകാരനായ മാനുവൽ സാഞ്ചസ് മുറിയാസ് ആണ് മുഖ്യപരിശീലകൻ. വയനാട് സ്വദേശി എം. ഷഫീഖ് ഹസൻ സഹപരിശീലകനാണ്. കാസർഗോഡ് സ്വദേശി ഷഹീൻ ചന്ദ്രനാണ് ഗോൾ കീപ്പർ കോച്ച്. മുഹമ്മദ് അമീനാണ് ടീം മാനേജർ. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഗ്രൗണ്ടിലായിരിക്കും ടീമിന്റെ പരിശീലനം .
ജേഴ്സി പ്രകാശനവും തീം സോംഗ് അവതരണവും നടന്നു. ചടങ്ങിൽ കണ്ണൂരിലെ ആദ്യകാല ഫുട്‌ബോൾ താരങ്ങളെ ആദരിച്ചു. സെലിബ്രിറ്റി ഓണർ നടൻ ആസിഫലി മുഖ്യാതിഥിയായിരുന്നു. ടീം ഉടമകളായ ഡോ. എം.പി. ഹസൻകുഞ്ഞി (ചെയർമാൻ), മിബു ജോസ് നെറ്റിക്കാടൻ, സി എ മുഹമ്മദ് സാലിഹ് എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് സൂപ്പർലീഗിന്റെ പ്രചരണാർത്ഥമുള്ള സൂപ്പർപാസ് കേരളയ്ക്കുള്ള സ്വീകരണവും നൽകി. മുഖഗാനവും പുറത്തിറക്കി.