'സ്‌ക്രീനിൽ ആരാധിച്ചിരുന്നവർ പുറത്ത് കശ്‌മലന്മാർ'; പേര് വെളിപ്പെടുത്താത്തത് മാന്യന്മാരെയും സംശയനിഴലിലാക്കുമെന്ന് കെ മുരളീധരൻ

Tuesday 20 August 2024 11:03 AM IST

കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരിച്ച് മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. നാലരവർഷം ഹേമകമ്മിറ്റി റിപ്പോർട്ടിന് മുകളിൽ സർക്കാർ അടയിരുന്നതിന്റെ രഹസ്യമെന്താണെന്ന് മുരളീധരൻ ചോദിച്ചു.

'ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സോളാർ കമ്മിഷൻ റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ പുറത്തുവിട്ടവരാണിവർ. ഹേമ കമ്മിഷൻ റിപ്പോർട്ട് നൽകിയത് മുഖ്യമന്ത്രിക്കാണ്. പിന്നെയെങ്ങനെയാണ് സർക്കാരിന് ഉത്തരവാദിത്തമില്ലാതെയാകുന്നത്.

സ്‌ക്രീനിൽ നമ്മൾ ആരാധിക്കുന്നവർ സ്‌ക്രീനിന് പുറത്ത് കശ്‌മലന്മാരാണെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ മനസിലായി. തെറ്റ് ചെയ്തവരുടെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ മാന്യന്മാരും സംശയ നിഴലിലാവും. തെറ്റ് ചെയ്തവരുടെ പേര് പുറത്തുവിടാതിരിക്കാൻ സർക്കാരിന് എന്താണ് ഇത്ര താത്‌പര്യം. പൊതുപ്രവർത്തകരെന്നാൽ തുറന്ന പുസ്‌തകമാണ്. പൊതുപ്രവർത്തകരേക്കാൾ വലുതല്ലല്ലോ സിനിമാപ്രവർത്തകർ. തെറ്റ് ചെയ്ത കശ്‌മലന്മാരുടെ പേരുകൾ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണ്'- കെ മുരളീധരൻ ചോദിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് സാംസ്‌കാരിക വകുപ്പ് വിവരാവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് റിപ്പോർട്ട് വെളിച്ചംകണ്ടത്. മലയാള സിനിമ ഭരിക്കുന്നത് ക്രിമിനൽ മാഫിയയാണെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെവരെ ചൂഷണം ചെയ്യുന്നുവെന്നും റിപ്പോ‌ർട്ടിൽ പറയുന്നുണ്ട്.

പ്രമുഖരായ ചില നടന്മാരും സംവിധായകരും നിർമ്മാതാക്കളും മാത്രമല്ല, പ്രൊഡക്ഷൻ കൺട്രോൾമാർവരെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല മുമ്പും പലരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആരാധനയോടെ കാണുന്ന പലർക്കും ഇരട്ടമുഖമാണ്. കുറ്റവാളികളിൽ പലരും വളരെ സ്വാധീനമുള്ളവരാണ്. ഇവരാണ് മലയാള സിനിമയെ ഭരിക്കുന്നത്. മാഫിയ സംഘത്തിന്റെ ചെവിയിൽ എത്തുമെന്നതിനാൽ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളിൽ പരാതിപ്പെടാൻ ഭയമാണ്. വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും. സിനിമ മേഖലയിലെ ഭൂരിപക്ഷവും മാഫിയ സംഘത്തിനൊപ്പമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചലച്ചിത്രമേഖലയിലെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ 290 പേജുകളാണ് പുറത്തുവന്നത്.

Advertisement
Advertisement